റോഡുവികസനം പൊളിഞ്ഞു;ഗതാഗതതടസ്സം നീക്കാന്‍ യുവാക്കള്‍
വെമ്പായം: കന്യാകുളങ്ങര-പോത്തന്‍കോട് റോഡില്‍ ഇരുവശത്തും വീതികൂട്ടാനായി പാകിയിരുന്ന കരിങ്കല്‍ കഷണങ്ങള്‍ മുഴുവന്‍ ഒലിച്ചുപോയി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പെയ്ത ശക്തമായ മഴയിലാണ് റോഡിന്റെ ഇരുവശവും ഒലിച്ചുപോയത്. ഒലിച്ചിറങ്ങിയ കരിങ്കല്‍ കഷണങ്ങള്‍ റോഡില്‍ അങ്ങോളമിങ്ങോളം റോഡിന്റെ നടുക്ക് ഒലിച്ചിറങ്ങിക്കിടക്കുകയാണ്. ഇത് ഗതാഗതതടസ്സം സൃഷ്ടിക്കുന്നു. എന്നുമാത്രമല്ല അപകടകാരണവുമാകുന്നു. രണ്ടുവര്‍ഷം മുന്‍പാണ് റോഡുവികസനത്തിനായി ഒന്നേകാല്‍ കോടിയിലധികം രൂപ അനുവദിച്ചത്.
നിര്‍മാണോദ്ഘാടനം കഴിഞ്ഞ് ഇത്രയുംകാലം ആയിട്ടും റോഡ് വികസനം ഒരിടത്തുമെത്തിയില്ല. ആദ്യഘട്ടമെന്ന നിലയില്‍ പാകിയ കല്ലുകളാണ് ഇപ്പോള്‍ പൂര്‍ണമായും ഒലിച്ചുപോയത്. റോഡിലേക്ക് വന്നുകിടക്കുന്ന കല്ലുകള്‍ അപകടകാരണമാകുന്നതുമാത്രമല്ല ഇരുവശവും വന്‍കുഴികള്‍ രൂപപ്പെടുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞദിവസത്തെ മഴയത്ത് കല്ലുംമണ്ണും റോഡില്‍ കെട്ടിക്കിടന്നത് പലസ്ഥലത്തും ഗതാഗതതടസ്സമുണ്ടാക്കി.നാട്ടുകാര്‍ മഴയത്ത് നനഞ്ഞുകൊണ്ട് റോഡില്‍നിന്ന് കല്‍ക്കഷണങ്ങള്‍ നീക്കംചെയ്തതുകൊണ്ടാണ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇതൊക്കെയാണെങ്കിലും റോഡിന്റെ ചുമതലയുള്ള വെഞ്ഞാറമൂട് റോഡ് ഡിവിഷനില്‍ നിന്ന് അധികൃതരാരും റോഡിലെ ഗതാഗതതടസ്സം നീക്കം ചെയ്തില്ല.ഭാഗിക ബില്‍തുക നേടിയെടുത്ത കരാറുകാരന്‍ പണി ഉപേക്ഷിച്ചുപോയമട്ടാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും മൗനത്തിലാണ്.