വിതുര: വിതുര വില്ലേജ് ഒാഫിസില്‍ ഒാഫിസറെ നിയമിക്കണമെന്ന ആവശ്യം ശക്തമായി. വില്ലേജ് ഒാഫിസര്‍ ഇല്ലാതായിട്ടു മൂന്നു മാസമാകുന്നു. നിലവിലുണ്ടായിരുന്ന വില്ലേജ് ഒാഫിസര്‍ രണ്ടു മാസം മുന്‍പ് അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇതിനുശേഷം ഒരാള്‍ എത്തിയെങ്കിലും ഒരാഴ്ചകഴിഞ്ഞപ്പോള്‍ സ്ഥലം മാറിപ്പോയി. വില്ലേജ് ഒാഫിസര്‍ ഇല്ലാത്തതുമൂലം ദൈനംദിന പ്രവര്‍ത്തനങ്ങളും മറ്റും തടസ്സപ്പെടുകയാണ്. കാര്യസാധ്യത്തിനായി എത്തുന്നവരും മറ്റും കാത്തുനിന്നു വലയുന്നു. വില്ലേജ് ഒാഫിസറെ നിയമിക്കാത്തതിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നിട്ടുണ്ട്.
സ്റ്റാഫുകളുടെ എണ്ണവും കുറവാണ്. ഫയലുകളും മറ്റും യഥാസമയം നീക്കുവാന്‍ കഴിയാതെ നിലവിലുള്ള ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുന്നു. അഞ്ചു മണികഴിഞ്ഞും ഒാഫിസ് പ്രവര്‍ത്തിപ്പിക്കേണ്ട സ്ഥിതിയാണ് നിലവില്‍. വില്ലേജ് ഒാഫിസര്‍ ഇല്ലാത്തതുമൂലം പ്രധാനപ്പെട്ട രേഖകളും മറ്റും ലഭിക്കുവാന്‍ കാലതാമസം നേരിടുന്നതായും, ഇവിടെ ജോലിക്കെത്തുന്ന ഒാഫിസര്‍മാരെ ബുദ്ധിമുട്ടിപ്പിക്കുന്നതായും പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി ഇ.എം. നസീര്‍ പരാതിപ്പെട്ടു. വില്ലേജ് ഒാഫിസറെ നിയമിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്കു നിവേദനം നല്‍കിയെങ്കിലും നടപടികളെടുത്തില്ല.