WELCOME
Tuesday, October 18, 2011
പേപ്പാറ റോഡ് തകര്‍ന്നു: യാത്രക്കാരുടെ നടുവൊടിയുന്നു
വിതുര: ടൂറിസ്റ്റ് കേന്ദ്രമായ പേപ്പാറയിലേക്കുള്ള റോഡ് ദുര്‍ഘടാവസ്ഥയിലായി. വാഹനയാത്രയും കാല്‍നട യാത്രയും അതീവ ദുഷ്കരമായ റോഡില്‍ അപകടങ്ങളും തുടര്‍ക്കഥയായി മാറി. കെപിഎസ്എം ജംക്ഷന്‍ മുതല്‍ പട്ടന്‍കുളിച്ച പാറ വരെയാണ് റോഡ് ഏറെ തകര്‍ന്നു കിടക്കുന്നത്. മിക്ക ഭാഗത്തും ടാര്‍ പൂര്‍ണമായും ഇളകി മണ്‍പാതയായി മാറി. ചില സ്ഥലങ്ങളില്‍ പടുകുഴികളും രൂപാന്തരപ്പെട്ടു. രോഗികളെ വാഹനത്തില്‍ ഇൌ റോഡിലൂടെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.
മഴക്കാലമായതോടെ റോഡ് തോടായി മാറി. ബൈക്ക് അപകടങ്ങളും പതിവായി. കഴിഞ്ഞ ദിവസം റോഡിലെ പടുകുഴിയില്‍ കെട്ടിക്കിടന്ന വെള്ളത്തിലേക്കു ബൈക്ക് മറിഞ്ഞ് രണ്ടു യുവാക്കള്‍ക്കു ഗുരുതരമായി പരുക്കേറ്റു. മഴയത്ത് കെഎസ്ആര്‍ടിസി ബസും ചെളിയില്‍ പുതഞ്ഞു കിടന്നിട്ടുണ്ട്. റോഡിന്‍െറ തകര്‍ച്ചമൂലം നേരത്തെ വിഴിഞ്ഞം ഡിപ്പോയില്‍നിന്നു പേപ്പാറയിലേക്കുണ്ടായിരുന്ന ബസ് സര്‍വീസ് നിര്‍ത്തി. വിതുരയില്‍നിന്നുള്ള സര്‍വീസുകളുടെ എണ്ണവും വെട്ടിക്കുറച്ചു.
ഒാട നിര്‍മിച്ചിട്ടില്ലാത്തതു മൂലം മിക്ക ഭാഗത്തും മണ്ണും കല്ലും ചെളിയും ഒലിച്ചിറങ്ങി റോഡ് വികൃതമായി മാറുകയും ചെയ്തു. പതിനഞ്ചു വര്‍ഷമായി റോഡ് തകര്‍ന്നു കിടന്നിട്ടും ഗതാഗതയോഗ്യമാക്കാത്തതിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നിട്ടുണ്ട്. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ചിട്ടും റോഡിനു ശനിദശ തന്നെ. ശോച്യാവസ്ഥമൂലം സ്വകാര്യ വാഹനങ്ങള്‍ ഒാട്ടം വിളിച്ചാല്‍
എത്താന്‍ വിമുഖത കാട്ടുന്നു. മാത്രമല്ല ഇതുവഴി ഒാടുന്ന കെഎസ്ആര്‍ടിസി ബസുകളും മറ്റും കേടായി വഴിയിലാകുന്നതും പതിവാണ്.
അനവധി തവണ ബസ്സര്‍വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. അപ്പോള്‍ വിദ്യാര്‍ഥികളും മറ്റും കിലോമീറ്ററുകള്‍ നടന്നാണു സ്കൂളുകളില്‍ എത്താറുള്ളത്. യാത്രാക്ളേശം അതിരൂക്ഷമാകുമ്പോള്‍ നാട്ടുകാര്‍ രംഗത്തിറങ്ങി മണ്ണും കല്ലും മറ്റും വെട്ടിയിട്ടു കുഴികള്‍ നികത്തിയാണു ഗതാഗതം പുനഃസ്ഥാപിക്കുന്നത്. ടൂറിസ്റ്റുകളുടെ പറുദീസയായിരുന്ന പേപ്പാറയില്‍ വനസൌന്ദര്യം നുകരാനും ഡാം സന്ദര്‍ശിക്കാനുമായി ധാരാളം പേര്‍ എത്തുമായിരുന്നു. എന്നാല്‍ റോഡ് തകര്‍ന്നതോടെ സഞ്ചാരികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു.
റോഡിന്‍െറ ശോച്യാവസ്ഥ മുന്‍ മന്ത്രിമാരായ തോമസ് ഐസക്, എന്‍.കെ. പ്രേമചന്ദ്രന്‍, ബിനോയ് വിശ്വം,എ.കെ. ബാലന്‍, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ എന്നിവര്‍ നേരിട്ടു കണ്ടതാണ്. വനം മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ കഴിഞ്ഞ ദിവസം പേപ്പാറ ഡാം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ റോഡിന്‍െറ ദുരവസ്ഥ ശ്രദ്ധയില്‍ പെട്ടിരുന്നു. പ്രശ്നം മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ശ്രദ്ധയില്‍ പെടുത്തി വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പും നല്‍കിയിട്ടുണ്ട്.
റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാനാണു കെഎസ്ആര്‍ടിസിയുടെ തീരുമാനം. കാല്‍നടയാത്ര പോലും അസാധ്യമായ റോഡിലൂടെ യാത്രക്കാര്‍ നടുവൊടിഞ്ഞാണു സഞ്ചരിക്കുന്നത്. റോഡ് ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് അനവധി സമരങ്ങള്‍ നടത്തുകയും നൂറുകണക്കിനു നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. റോഡ് ഗതാഗതയോഗ്യമാക്കാന്‍ നേരത്തേ തുക അനുവദിച്ചെങ്കിലും യാഥാര്‍ഥ്യമായില്ല.
തിരഞ്ഞെടുപ്പു വേളകളില്‍ വോട്ടു തേടിയെത്തുന്നരാഷ്ട്രീയ നേതാക്കള്‍ റോഡ് ടാറിങ് നടത്താമെന്നു വാഗ്ദാനം നല്‍കാറുണ്ടെങ്കിലും കാര്യം കഴിഞ്ഞാല്‍ തിരിഞ്ഞുനോക്കാറില്ലെന്ന് ആക്ഷേപമുണ്ട്. റോഡ് അടിയന്തരമായി ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് പൊന്‍മുടി- തിരുവനന്തപുരം റോഡ് ഉപരോധിക്കുമെന്നു പട്ടന്‍കുളിച്ചപാറ, മാങ്കാല, പേപ്പാറ നിവാസികള്‍ അറിയിച്ചു.