വിതുര: പൊടിയക്കാലയിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയോടും സ്പീക്കറോടും ചര്‍ച്ചചെയ്തശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നു വനം മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ അറിയിച്ചു. പൊടിയക്കാല സന്ദര്‍ശിച്ച മന്ത്രിയോട് ആദിവാസികള്‍ ദുരിതകഥ വിവരിച്ചു. ആനശല്യം വര്‍ധിച്ചതുമൂലം കുട്ടികള്‍ക്കു സ്കൂളില്‍ പോകാന്‍ കഴിയുന്നില്ലെന്നും വെളിച്ചത്തിനായി വര്‍ഷങ്ങളായി കാത്തിരിക്കുകയാണെന്നും ആദിവാസികള്‍ മന്ത്രിയോടു പരാതിപ്പെട്ടു.
അടിയന്തരമായി പൊടിയക്കാലയില്‍ വൈദ്യുതി എത്തിക്കാനും ബസ് സര്‍വീസ് ആരംഭിക്കാനും നടപടികളെടുക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഡാമിനായി 25 വര്‍ഷം മുന്‍പ് കുടിയിറക്കിയപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും ജലരേഖയായെന്നും വീട്, അഞ്ചേക്കര്‍ ഭൂമി, റോഡ്, ബസ് സര്‍വീസ്, കുടിവെള്ളം, വെളിച്ചം എന്നിവ ഇന്നും സ്വപ്നമായി അവശേഷിക്കുന്നുവെന്നും ആദിവാസികള്‍ കണ്ണീരോടെ മന്ത്രിയോടു പറഞ്ഞു.
തലസ്ഥാന നഗരിയിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നത് ആദിവാസികളെ കണ്ണീരിലാഴ്ത്തി ആകരുതെന്ന് ആദിവാസികള്‍ പറഞ്ഞു. പൊടിയക്കാലയില്‍നിന്നു രണ്ടു കിലോമീറ്റര്‍ ദൂരെ പേപ്പാറയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും ഡാമിനായി കുടിയിറക്കിയവര്‍ക്കു കാല്‍നൂറ്റാണ്ടു കഴിഞ്ഞിട്ടും വെളിച്ചം നല്‍കാത്തതു പാപമാണെന്ന് ആദിവാസികള്‍ മന്ത്രിയെ അറിയിച്ചു.
പൊടിയക്കാലയിലെ ആദിവാസികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചശേഷമേ ഡാമിന്റെ ജലനിരപ്പുയര്‍ത്തുകയുള്ളുവെന്നും ആദിവാസി സമൂഹത്തിനു ദോഷകരമായ രീതിയില്‍ ഒരു തീരുമാനവും കൈക്കൊള്ളില്ലെന്നും മന്ത്രി ഉറപ്പുനല്‍കി. അടുത്ത മാസം വീണ്ടും പൊടിയക്കാല സന്ദര്‍ശിക്കുമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.