പാങ്ങോട്: പഞ്ചായത്തിലെ ഭരതന്നൂരില്‍ കെഎസ്ഇബി സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചതിനെത്തുടര്‍ന്നു പഞ്ചായത്ത് കമ്മിറ്റി ഇതു സംബന്ധിച്ച് തീരുമാനം എടുക്കുകയും വൈദ്യുതി മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു.
ഇതിനെത്തുടര്‍ന്നു മന്ത്രിയുടെ നിര്‍ദേശപ്രകാരം കാട്ടാക്കട കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, നെടുമങ്ങാട് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ പാങ്ങോട് പഞ്ചായത്ത് ഒാഫിസിലെത്തി പഞ്ചായത്ത് പ്രസിഡന്റ് അയിരൂര്‍ മോഹനന്‍, യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിനേതാവ് എം.എം. ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളുമായി ചര്‍ച്ച നടത്തി.
ഭരതന്നൂര്‍ കേന്ദ്രമാക്കി സബ്സ്റ്റേഷനു വേണ്ട സ്ഥലം കണ്ടെത്താന്‍ ജനപ്രതിനിധികളോട് അധികൃതര്‍ ശുപാര്‍ശ ചെയ്തു. സബ്സ്റ്റേഷന്‍ സ്ഥാപിതമാകുന്നതോടെ പാങ്ങോട്, കല്ലറ പഞ്ചായത്തുകളും സമീപ പഞ്ചായത്തുകളായ ചിതറ, പുളിമാത്ത് പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും ഇതിന്റെ സേവനം ലഭ്യമാകും.