പാലോട്: പെരിങ്ങമ്മല-ചിതറ ഗ്രാമപ്പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന ചക്കമലയില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി പാറഖനനം തകര്‍ക്കുന്നു. ഇത് സമീപവാസികളുടെ സൈ്വര്യ ജീവിതത്തിനു തന്നെ തടസ്സമാകുകയാണ്. ചക്കമലയുടെ മധ്യത്തായുള്ള ആയിരവില്ലി പാറയുടെ നാലുഭാഗവുമാണ് ഇപ്പോള്‍ യന്ത്രങ്ങള്‍ തുരന്നുതീര്‍ക്കുന്നത്.
യഥേഷ്ടം പാറയുള്ള ചക്കമലയില്‍ കഴുകന്‍കണ്ണുകളുമായി പാറമുതലാളിമാര്‍ എത്തിയിട്ട് ഒരു വര്‍ഷമാകുന്നു. ആദ്യകാലങ്ങളില്‍ ഇവര്‍ ചോദിക്കുന്ന വില കൊടുത്താണ് വസ്തുക്കള്‍ വാങ്ങിക്കൂട്ടിയത്. ആവശ്യമുള്ള ഭാഗമത്രയും വാങ്ങിക്കൂട്ടിയ ശേഷമാണ് ഇവര്‍ പാറഖനനവും മെറ്റല്‍ ക്രഷര്‍ യൂണിറ്റും ആരംഭിച്ചത്. ഇപ്പോള്‍ രാപകലെന്യേ നൂറുകണക്കിന് ലോറികളാണ് വന്നുപോകുന്നത്. റോഡ് തകര്‍ന്നുതരിപ്പണമായി. രാത്രിയിലും പകലും സമീപവാസികള്‍ക്ക് ഉറക്കംപോലും നഷ്ടമായി. കാതടപ്പിക്കുന്ന വെടിയൊച്ചകള്‍ കാരണം കുട്ടികള്‍ ഭയചകിതരാണ്.
ആദ്യദിവസങ്ങളില്‍ കൊല്ലായില്‍ കവല കേന്ദ്രീകരിച്ച് സി.പി.എം, ഡി.വൈ.എഫ്.ഐ, സി.പി.ഐ എന്നീ ഇടതുസംഘടനകള്‍ സമരപരിപാടികളുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ സമരം തുടങ്ങി നാളുകള്‍ പിന്നിടുമ്പോള്‍ സമരപ്പന്തലില്‍ നിന്നും പലരും തടിയൂരി
ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ചക്കമലയിലെ ഇരുന്നൂറിലധികം കുടുംബങ്ങള്‍. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാര്‍ക്കായി പതിച്ചുനല്‍കിയ ഭൂമിയാണ് ചക്കമലയിലേത്. ഇവിടെ താമസിക്കുന്ന ചില വിമുക്തഭടന്മാരുടെ കുടുംബവും പാറമടക്കാരുടെ ഭീഷണിക്കു മുന്നിലാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്.