പാലോട്: കാട്ടാറിന്റെ തെളിമ, കാനന ഭംഗിയുടെ പച്ചപ്പ്, പുത്തന്‍തലമുറ കവര്‍ന്നെടുത്ത ഭൂമിദേവിയുടെ മുറിവുകളില്‍ നിന്നുയരുന്ന നിലയ്ക്കാത്ത നിലവിളി... എല്ലാം ചേര്‍ത്ത് കുരുന്നുകളൊരുക്കിയ ഫോട്ടോ എക്‌സിബിഷന്‍ കാണികള്‍ക്ക് കൗതുകമായി. ജവഹര്‍ കോളനി ഗവ.യു.പി.എസ്സിലെ വിദ്യാര്‍ഥികളാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. സ്‌കൂളിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പരിസ്ഥിതി ക്ലബ്ബും സീഡും സംയുക്തമായിട്ടാണ് പരിപാടി ഒരുക്കിയിരുന്നത്.
വന്യജീവി, പരിസ്ഥിതി ഫോട്ടോഗ്രാഫര്‍മാരായ മാധവന്‍, ബാലന്‍, മരുതാവലം എന്‍.എ. നസീര്‍, ഡോ.മയില്‍വാഹനന്‍, പി.കെ. ഉത്തമന്‍, വിനയന്‍, സാലി പലോട് തുടങ്ങിയവരുടെ തിരഞ്ഞെടുത്ത ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചത്. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബി. പവിത്രകുമാര്‍, ഗീതാപ്രിജി, എസ്. ഷാജു, വി. പ്രസാദ്, സി.എന്‍. മുരളീധരന്‍, എം.എച്ച്. മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് വന്യജീവി, വനം, പരിസ്ഥിതി ഫോട്ടോഗ്രാഫര്‍മാരുടെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു.