വിതുര: വ്യാഴാഴ്ച സമാധിയായ വേലായുധന്‍സ്വാമിയുടെ നിര്യാണത്തോടെ ഓര്‍മയായത് വിനോബാഭാവെയുടെ ഉറച്ച അനുയായിയെയാണ്. വിതുരമേഖലയിലെ സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രമുഖനായിരുന്നു ഇദ്ദേഹം. മലയടി ചിറ്റിപ്പാറ മലയടിവാരത്തെ ഗിരിവര്‍ഗ മേഖലയില്‍ സര്‍വോദയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്വാമി 1960 കളില്‍ കെ. കേളപ്പനൊപ്പം മലബാറിലും പ്രവര്‍ത്തിച്ചു.
സ്വാതന്ത്ര്യ സമരത്തില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ച സ്വാമി ഭൂദാനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം നടത്തിയത് 1956-57 കാലഘട്ടത്തിലാണ്. ഇക്കാലത്താണ് വിനോബാജി തൊളിക്കോട് ഗ്രാമപ്പഞ്ചായത്തിലെ വിനോബാ നികേതനിലെത്തി ഭൂമി സ്വീകരിച്ചത്.
മീനാങ്കല്‍, ചെട്ടിയാമ്പാറ, കടുക്കാക്കുന്ന് സ്‌കൂളുകള്‍ തുടങ്ങാന്‍ നേതൃത്വം നല്‍കിയ വേലായുധന്‍ സ്വാമി മലയോര വിദ്യാഭ്യാസ മേഖലക്ക് കാര്യമായ സംഭാവന നല്‍കി. ജീവിതത്തിന്റെ സായന്തനത്തില്‍ കുറ്റിച്ചല്‍ സിദ്ധാശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സ്വാമിയുടെ സമാധി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയതും സിദ്ധാശ്രമ ഭാരവാഹികളായിരുന്നു. വിനോബാനികേതന്‍ ആശ്രമാധിപതി പരിവ്രാജിക എ.കെ. രാജമ്മ, അഡ്വ. എ. സമ്പത്ത് എം.പി. തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.