WELCOME
Friday, October 28, 2011
കള്ളന് ചൂണ്ടയും 'ആയുധം'
ഭരതന്നൂര: മീന്‍ പിടിക്കാനാണ് ആളുകള്‍ സാധാരണ ചൂണ്ട ഉപയോഗിക്കുന്നത്. എന്നാല്‍ ചൂണ്ടയും നൂലും ഉപയോഗിച്ച് മോഷണം നടത്തിയാലോ? ഇങ്ങനെ ഒരു കൈ നോക്കി വിജയിച്ചിരിക്കുകയാണ് ഒരു കള്ളന്‍. പാങ്ങോട് ഭരതന്നൂരിലുള്ള ഹരിദാസിന്റെ കടയിലാണ് ഇത്തരമൊരു മോഷണം നടന്നത്. കടയിലെ എയര്‍ഹോളിലൂടെ ചൂണ്ടയും നൂലും താഴേക്ക് ഇട്ട് സാധനങ്ങള്‍ കൊരുത്ത് എടുക്കുന്നതായിരുന്നു വിദ്യ. മൂന്ന് ലുങ്കികള്‍, രണ്ട് ഷര്‍ട്ട്പീസിന്റെ തുണികള്‍, കവറുകളില്‍ പായ്ക്ക് ചെയ്തിട്ടുള്ള ബേക്കറിസാധനങ്ങള്‍ ഒക്കെ കടത്തി.
എന്തിന് 10 കിലോഗ്രാം പായ്ക്കറ്റില്‍ വരുന്ന ഒരു സഞ്ചി അരിയും ചൂണ്ട ഉപയോഗിച്ച് മോഷ്ടിക്കാന്‍ ശ്രമിച്ചു.
എയര്‍ഹോള്‍ ചെറുതായതിനാല്‍ അരി പായ്ക്കറ്റ് പുറത്തെടുക്കാനായില്ല. രാവിലെ കടയിലെത്തിയ വ്യാപാരി ചൂണ്ടയില്‍ കുരുങ്ങിയിരിക്കുന്ന അരിച്ചാക്ക് കണ്ട് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. എയര്‍ഹോള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി ഇവര്‍ പോവുകയും ചെയ്തു.