തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക സംരംഭകത്വ വികസന ബോര്‍ഡും കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും ടെക്‌നോപാര്‍ക്കും ടെക്‌നോപാര്‍ക്കിലെ ടെലികോം അനുബന്ധ സേവന കമ്പനിയായ മോബ്മി വയര്‍ലസ്സും ചേര്‍ന്ന് രാജ്യത്തെ ആദ്യത്തെ ടെലികോം ഇന്‍കുബേഷന്‍ കേന്ദ്രം കേരളത്തില്‍ നടപ്പാക്കാന്‍ ധാരണയിലെത്തി. യുവ ടെലികോം സംരംഭകരെ പ്രോത്സാഹിപ്പിച്ച് ഈ മേഖലയില്‍ വ്യവസായ സംരംഭകത്വം നടപ്പാക്കുകയാണ് ഇന്ത്യന്‍ ടെലികോം ഇന്‍കുബേഷന്‍ ഹബ്ബിന്റെ ലക്ഷ്യം. പൊതു-സ്വകാര്യ സഹകരണത്തോടെ നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ ബിസിനസ്സ് ഇന്‍കുബേറ്ററായിരിക്കും പുതിയ കേന്ദ്രം.
ഇന്‍ഫോസിസ് മേധാവിയായ ക്രിസ് ഗോപാലകൃഷ്ണനാണ് ടെലികോം തുടക്ക കമ്പനികളുടെ കേന്ദ്രത്തിന്റെ മുഖ്യ ഉപദേഷ്ടാവ്. കോളേജ് കാമ്പസുകളില്‍ ഉണ്ടാകുന്ന ടെലികോം സാങ്കേതിക ആശയങ്ങള്‍ പ്രോത്സാഹിപ്പിച്ച് സംരംഭകത്വത്തിലെത്തിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. 10 വര്‍ഷത്തിനുള്ളില്‍ 1000 കമ്പനികള്‍ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും മോബ്മി വയര്‍ലസ്സ് സി.ഇ.ഒ. സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. കൊച്ചി ആസ്ഥാനമായി ടെലികോം ഇന്നവേഷന്‍ കേന്ദ്രം സ്ഥാപിക്കാനാണ് ഉദ്ദേശ്യം. അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ കേന്ദ്രം നിര്‍മിക്കുന്നത് പാര്‍ക്കിനുള്ളില്‍ 4 ജി സംവിധാനം ലഭ്യമാക്കും.
ടെലികോം ലാബുകള്‍, നിയമോപദേശങ്ങള്‍, ടെലിഫോണ്‍ ലൈനുകള്‍, കമ്പ്യൂട്ടറുകള്‍, വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം, ഇന്റര്‍നെറ്റ്, സെര്‍വര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കോളേജ് ക്ലാസുകളില്‍ തന്നെ തുടങ്ങുന്ന വെര്‍ച്ച്വല്‍ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളും ലക്ഷ്യത്തിലുണ്ട്. ജനവരിയില്‍ പദ്ധതി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.