വിതുര: ദീപാവലി ആഘോഷത്തിനിടയില്‍ പൊലീസ് പിടികൂടിയശേഷം വിട്ടയച്ച തേവിയോട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം സിമി ഭവനില്‍ എസ്.എം. സിനു(26) തൂങ്ങിമരിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച നര്‍കോട്ടിക് ഡിവൈഎസ്പി: കെ.എസ്. ശ്രീകുമാര്‍ വിതുരയില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു.
സിനു മരിച്ചതോടെ കുടുംബം അനാഥമായെന്നും മകനെ കൊന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മാതാവ് മീന ആവശ്യപ്പെട്ടു. സിനുവിനൊപ്പം പൊലീസ് പിടികൂടിയ വിജീഷില്‍നിന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മൊഴിയെടുത്തു.
സ്റ്റേഷനില്‍ എത്തിയശേഷം സിനുവിനെ എസ്ഐയും പൊലീസുകാരും ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചതായി വിജീഷും പറഞ്ഞു. അടിക്കല്ലേ എന്നു കരഞ്ഞു പറഞ്ഞിട്ടും നിര്‍ത്താതെ സിനുവിനെ മര്‍ദിക്കുകയായിരുന്നു. നാട്ടുകാരോടും ഡിവൈഎസ്പി വിവരങ്ങള്‍ ആരാഞ്ഞു. വിതുര പൊലീസ് സ്റ്റേഷനിലും എത്തി വിവരങ്ങള്‍ ശേഖരിച്ചു. ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പരിശോധിച്ചശേഷമേ സംഭവത്തെക്കുറിച്ചു വിശദമായി പറയാന്‍ കഴിയുകയുള്ളൂവെന്നു ഡിവൈഎസ്പി: കെ.എസ്. ശ്രീകുമാര്‍ മനോരമയോടു പറഞ്ഞു.
കുടുംബത്തിന് അഞ്ചു ലക്ഷം
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍നിന്നു വിട്ടയയ്ക്കപ്പെട്ടശേഷം തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട വിതുര എസ്എം ഭവനില്‍ സിനുവിന്റെ കുടുംബത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അഞ്ചുലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.