WELCOME
Thursday, October 27, 2011
ചൊവ്വാഴ്ച ചുമതലയേറ്റ എസ്.ഐയ്ക്ക് ബുധനാഴ്ച സസ്‌പെന്‍ഷന്‍
വിതുര: കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചശേഷം തൂങ്ങിമരിച്ച സംഭവത്തില്‍ എസ്.ഐയേയും എ.എസ്.ഐയേയും സസ്‌പെന്‍ഡ് ചെയ്തു. വിതുര ബസ്സ്റ്റാന്‍ഡിന് സമീപം സിമി ഭവനില്‍ സിനു (26)വാണ് മരിച്ചത്. സിനുവിനെ അറസ്റ്റുചെയ്ത എസ്.ഐ. ആര്‍. രാജേഷ്, സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. കെ. ജയകുമാര്‍ എന്നിവരെ നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ.ജിയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിതുര സ്റ്റേഷനില്‍ ചൊവ്വാഴ്ച എസ്.ഐയായി ചുമതലയേറ്റ രാജേഷിന് തൊട്ടടുത്തദിവസം സസ്‌പെന്‍ഷന്‍ ഉത്തരവും കിട്ടി.
സിനുവിനൊപ്പം അറസ്റ്റ് ചെയ്ത വിജീഷിന്റെ സാക്ഷിമൊഴിയാണ് സംഭവത്തില്‍ നിര്‍ണായകമായത്. സിനുവിനെ സ്റ്റേഷനില്‍വെച്ച് ആരൊക്കെ, എങ്ങനെയൊക്കെ തല്ലിയെന്ന വിശദമായ മൊഴിയാണ് വിജീഷ് ഡിവൈ.എസ്.പിക്ക് നല്‍കിയത്. മഫ്ടിയില്‍ ആയിരുന്നിട്ടും മര്‍ദനത്തില്‍ 'സഹകരിച്ച'തിനാണ് എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. ആര്‍. രാജേഷിന് മുമ്പ് പൂവാര്‍ സ്റ്റേഷനില്‍വെച്ചും സസ്‌പെന്‍ഷന്‍ കിട്ടിയിരുന്നു.