പാലോട്: സബ് റജിസ്ട്രാര്‍ ഓഫിസ് മാറ്റവുമായി ബന്ധപ്പെട്ടു പാലോട്ടു നടന്ന പൊലീസ് ലാത്തിച്ചാര്‍ജിന്റെ നടുക്കുന്ന ഓര്‍മകള്‍ രണ്ടു വര്‍ഷം പിന്നിട്ടു. 2009 ഒക്ടോബര്‍ 18നായിരുന്നു പെരിങ്ങമ്മല പഞ്ചായത്തിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സബ് റജിസ്ട്രാര്‍ ഓഫിസ് നന്ദിയോട് പഞ്ചായത്തിലെ സര്‍ക്കാര്‍ കെട്ടിടത്തിലേക്കു മാറ്റുന്നതിനെച്ചൊല്ലിയുള്ള എതിര്‍പ്പ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചത്. മൂന്നു മണിക്കൂറോളം പാലോട് ജംക്ഷന്‍ യുദ്ധസമാനമായ അന്തരീക്ഷത്തില്‍ ചോരക്കളമായി.
ലാത്തിയടിയിലും കല്ലേറിലും ഗ്രനേഡ് പ്രയോഗത്തിലും സമരത്തില്‍ പങ്കെടുത്ത അനവധി സ്ത്രീകള്‍ക്കും ജനപ്രതിനിധികളടക്കമുള്ള സര്‍വ കക്ഷിനേതാക്കള്‍ക്കും പൊലീസുകാര്‍ക്കും വഴിയേപോയ നാട്ടുകാര്‍ക്കും സാരമായ പരുക്കേറ്റു. സമീപ വീടുകളില്‍ അഭയം തേടിയ സമരക്കാരായ പലരെയും പിടിച്ചിറക്കി മര്‍ദിച്ചു. കൊടിയ മര്‍ദനത്തിന് ഇരകളായ പലരും ഇന്നും അതിന്റെ വിഷമതകള്‍ പേറി കേസിലെ പ്രതികളാണ്.
പെരിങ്ങമ്മലയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സബ് റജിസ്ട്രാര്‍ ഓഫിസിനു വേണ്ടി നന്ദിയോട് ആശുപത്രി ജംക്ഷനില്‍ സ്ഥലം വാങ്ങി 2005ല്‍ റജിസ്ട്രേഷന്‍ വകുപ്പ് സ്വന്തമായി മന്ദിരം പണിതെങ്കിലും ഓഫിസ് മാറ്റാതെ വര്‍ഷങ്ങളോളം കിടന്നു. പൊതുതാല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഓഫിസ് മാറ്റാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നു 2009 സെപ്റ്റംബര്‍ ആറിനും ഒക്ടോബര്‍ നാലിനും ഓഫിസ് മാറ്റാന്‍ ഡിപ്പാര്‍ട്ട്മെന്റ് ശ്രമിച്ചെങ്കിലും പെരിങ്ങമ്മല പഞ്ചായത്തിലുണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നു മാറ്റാന്‍ കഴിഞ്ഞില്ല.
ഇതിനെ കോടതി ശക്തമായി വിമര്‍ശിച്ചതിനെത്തുടര്‍ന്നാണു മൂന്നാം തവണ പൊലീസ് സഹായത്തോടെ ഓഫിസ് മാറ്റാന്‍ എത്തിയത്. . ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമത്തിനിടെ കല്ലേറില്‍ ഡിവൈഎസ്പിയുടെ തല പൊട്ടി. ഇതിനെ തുടര്‍ന്നാണു പൊലീസ് താണ്ഡവത്തിലേക്കു വഴിതെളിച്ചത്. ഒടുവില്‍ പൊലീസ് സഹായത്തോടെ ഓഫിസ്മാറ്റം യാഥാര്‍ഥ്യമായി.എന്നാല്‍ ഈ സംഭവം മറ്റൊരു ഓഫിസ്മാറ്റത്തിനു കൂടി വഴിമരുന്നിട്ടു.
വര്‍ഷങ്ങളായി ഇരു പഞ്ചായത്തുകളും തമ്മില്‍ നിലനിന്നിരുന്ന നന്ദിയോട് പഞ്ചായത്തിലെ ബസ് സ്റ്റാന്‍ഡ് വിഷയത്തില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബസ് സ്റ്റാന്‍ഡ് പെരിങ്ങമ്മല പഞ്ചായത്തിലെ പാലോട് ജംക്ഷനിലേക്കു മാറ്റാന്‍ അവര്‍ക്കു കഴിഞ്ഞു.