വിതുര: കല്ലാര്‍ ആദിവാസി മേഖലയില്‍ മോഷ്ടാക്കള്‍ വിലസുന്നു. അനവധി വീടുകളില്‍ നിന്നു പണവും റബര്‍ഷീറ്റും മറ്റും മോഷ്ടിച്ചു. സ്വര്‍ണാഭരണവും മോഷണം പോയിട്ടുണ്ട്. കൈനോക്കാനെന്ന പേരില്‍ പകലില്‍ വീടുകള്‍ കയറിയിറങ്ങുകയും രാത്രി മോഷണം നടത്തുകയുമാണു പതിവ്. റബര്‍ഷീറ്റാണു മോഷ്ടാക്കള്‍ക്ക് ഏറെ പ്രിയം. റബറിനു വില കൂടിയതോടെയാണു മോഷണം കൂടിയത്. കല്ലാര്‍ വനമേഖലയില്‍ അപരിചിതരായ അനവധി പേര്‍ തമ്പടിച്ചിരിക്കുന്നതായി ആദിവാസികള്‍ അറിയിച്ചു.
അക്രമികളുടെയും മോഷ്ടാക്കളുടെയും ശല്യം വര്‍ധിച്ചതോടെ അന്തിയുറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ആദിവാസികള്‍ പറയുന്നു. കല്ലാര്‍മൊട്ടമൂട്, ആറാനക്കുഴി, ചെമ്പിക്കുന്ന്, അല്ലത്താര, കൊമ്പ്രാംകല്ല് എന്നിവിടങ്ങളിലാണു മോഷണം വര്‍ധിച്ചിരിക്കുന്നത്. വനത്തില്‍ തമ്പടിച്ചിരിക്കുന്ന മോഷ്ടാക്കള്‍ വനവിഭവങ്ങള്‍ ശേഖരിക്കാനെത്തുന്ന ആദിവാസി സ്ത്രീകളെ ശല്യപ്പെടുത്തുന്നതായും പരാതിയുണ്ട്.
നേരത്തേ തിരുവനന്തപുരം ഭാഗത്തുള്ള അനവധി ക്രിമിനല്‍ കേസുകളിലും കൊലപാതകക്കേസുകളിലും പ്രതിയായിട്ടുള്ള സംഘങ്ങള്‍ കല്ലാര്‍ മേഖലയില്‍ തമ്പടിക്കുകയും പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇത്തരം സംഘങ്ങള്‍ സജീവമായതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പൊന്‍മുടി, കല്ലാര്‍ വനമേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വാറ്റ്, വേട്ടസംഘങ്ങളാണ് ഇവരുടെ ചങ്ങാതിമാര്‍. പൊന്‍മുടി-കല്ലാര്‍ മേഖലയില്‍ ചാരായ റെയ്ഡ് നിലച്ചതോടെയാണു വനമേഖലയില്‍ അക്രമിസംഘം തമ്പടിക്കാന്‍ തുടങ്ങിയത്. knകല്ലാര്‍ ആദിവാസി മേഖലയില്‍ പൊലീസും എക്സൈസും വനപാലകരും റെയ്ഡ് ശക്തിപ്പെടുത്തണമെന്ന് ആദിവാസികള്‍ ആവശ്യപ്പെട്ടു.