വിതുര: പൊന്‍മുടി സന്ദര്‍ശിക്കാനെത്തിയ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെടുന്ന അഞ്ചംഗ സംഘം ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിനോക്കിയിരുന്ന പെണ്‍കുട്ടികളെ തെറിവിളിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. ബുധന്‍ വൈകിട്ട് അഞ്ചിനാണു സംഭവം. തിരുവനന്തപുരം ഭാഗത്തുനിന്നു കാറില്‍ എത്തിയവരാണു മദ്യലഹരിയില്‍ പരാക്രമം കാട്ടിയത്. അപ്പര്‍സാനറ്റോറിയത്തിക്കു പോകാന്‍ പാസ് എടുക്കാന്‍ പറഞ്ഞപ്പോഴാണു തെറിയഭിഷേകം നടത്തിയതെന്നു പെണ്‍കുട്ടികള്‍ പറഞ്ഞു. അസഹ്യമായ അസഭ്യവര്‍ഷംമൂലം പെണ്‍കുട്ടികള്‍ ചെവിപൊത്തി.
ഡിവൈഎസ്പി ഒാഫിസിലും റേഞ്ച്ഒാഫിസിലുമുള്ള ഉദ്യോഗസ്ഥരാണെന്നു പറഞ്ഞശേഷമാണു തെറിവിളിച്ചതെന്നു പറയുന്നു. മദ്യപിച്ചു മദോന്‍മത്തരായ ഇവര്‍ നടത്തിയ പേക്കൂത്തു കണ്ട് സ്ഥലത്തുണ്ടായിരുന്ന ടൂറിസ്റ്റുകളും ഭയന്നു. ഒടുവില്‍ പൊലീസ് എത്തിയതോടെ പ്രശ്നക്കാര്‍ കളംവിട്ടു. വിനോദസഞ്ചാരാര്‍ഥം എത്തുന്ന സംഘങ്ങള്‍ മദ്യലഹരിയില്‍ പൊന്‍മുടിയില്‍ പ്രശ്നം സൃഷ്ടിക്കുക പതിവായി മാറിയിട്ടുണ്ട്. മദ്യപന്‍മാരുടെ വിളയാട്ടംമൂലം കുടുംബസമേതം എത്തുന്നവര്‍ ബുദ്ധിമുട്ടിലാണ്. മദ്യം കഴിച്ച് അമിതവേഗതയില്‍ വാഹനങ്ങള്‍ ഒാടിക്കുന്നതും അപകടമുണ്ടാകുന്നതും പതിവായി മാറി.