WELCOME
Thursday, October 27, 2011
ദളിത് യുവാവിന്റെ ആത്മഹത്യ: പ്രതിപക്ഷം നിയമസഭ വിട്ടു
തിരുവനന്തപുരം: വിതുരയില്‍ പോലീസ് മര്‍ദ്ദനത്തിന് ഇരയായ ദളിത് യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അടിയന്തര പ്രമേയത്തന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്നണ് സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. പ്രതിപക്ഷത്തുനിന്നും കോലിയങ്കോട് കൃഷ്‌ണന്‍നായരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് കൃഷ്‌ണന്‍ നായര്‍ ാരോപിച്ചു. നിരപരാധിയായ ദളിത് യുവാവിനെയാണ് അകാരമായി പോലീസ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ കുറ്റക്കാരായ ഒരു എസ്.ഐയെയും രണ്ട് എ.എസ്.ഐമാരെയും മാത്രമാണ് സര്‍ക്കാര്‍ സസ്‌പെന്റു ചെയ്‌തത്. യുവാവിനെ മര്‍ദ്ദിച്ച മറ്റ് മൂന്നു പോലീസുകാരുടെ മേല്‍ നടപടി സ്വീകരിച്ചിട്ടില്ല. മരിച്ച സിനുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയെങ്കിലും നഷ്‌ടപരിഹാരം നല്‍കണമെന്നും കൃഷ്‌ണന്‍ നായര്‍ ആവശ്യപ്പെട്ടു.
മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സംഭവത്തില്‍ റൂറല്‍ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എഫ്.പിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടും പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കും. മദ്യപിച്ച് റോഡില്‍ ബഹളം വച്ചതിനാണ് സിനുവിനെ പോലീസ് കസ്‌റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞിരുന്നു. പതിനൊന്നു മണിയോടെ ബന്ധുക്കള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ച സിനു അരമണിക്കൂറോളം റോഡില്‍ ചെലവഴിച്ചശേഷമാണ് വീട്ടിലേക്ക് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ മുന്‍പും ആത്മഹത്യയ്‌ക്ക് ശ്രമിച്ചിട്ടുള്ളയാളാണ് സിനുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നഷ്‌ടപരിഹാരം സംബന്ധിച്ച് മന്ത്രിസഭയില്‍ ആലോചിച്ചശേഷമേ തീരുമാനം എടുക്കാന്‍ കഴിയൂ. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
എന്നാല്‍ , ഈ സര്‍ക്കാര്‍ പിന്നാക്ക വിഭാഗക്കാരെ തെരഞ്ഞെടുപിടിച്ച് മര്‍ദ്ദിക്കുകയാണെന്ന് തുടര്‍ന്നു സംസാരിച്ച പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ചാലക്കുടിയില്‍ ദളിത് യുവാവ് പോലീസ് മര്‍ദ്ദനത്തിന് ഇരയായി. പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന സര്‍ക്കാര്‍ നിലപാട് സംശയകരമാണെന്നും ഇറങ്ങിപ്പോക്കിന് മുന്‍പ് കോടിയേരി ആരോപിച്ചു.