WELCOME
Tuesday, October 18, 2011
നന്ദിയോടിന്റെ നാടന്‍ പടക്കനിര്‍മാണ ശാലകള്‍ക്കു വിശ്രമമില്ല
പാലോട്: ദീപങ്ങളുടെ ഉല്‍സവമായ ദീപാവലി സമാഗതമായതോടെ നന്ദിയോടിന്റെ നാടന്‍ പടക്കനിര്‍മാണ ശാലകള്‍ക്കു വിശ്രമമില്ല. മനസ്സില്‍ പ്രതീക്ഷയുടെ പൂത്തിരിയുമായി ഒരു കൂട്ടം കരിപുരണ്ട ജീവിതങ്ങള്‍ കരുതലോടെ പടക്ക നിര്‍മാണത്തിലാണു തങ്ങളുടെ ഉപജീവനത്തിനും മറ്റുള്ളവരുടെ മനസ്സില്‍ പൂത്തിരി വിരിയിക്കാനും. ഇനി ദിവസങ്ങള്‍ കഴിഞ്ഞാല്‍ നന്ദിയോടിന്റെ പടക്കശാലകള്‍ തേടി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു ജനത്തിന്റെ ഒഴുക്കാവും.
ജില്ലയില്‍ ഇത്രയേറെ നാടന്‍ പടക്ക നിര്‍മാണ ശാലകള്‍ ഉള്ള പഞ്ചായത്തു വേറെയുണ്ടാവില്ല. വലുതും ചെറുതുമായി ലൈസന്‍സുള്ള 13 പടക്ക നിര്‍മാണ ശാലകളാണു പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വനിതാ ലൈസന്‍സികളും ധാരാളമുണ്ട്. അപകടം നിറഞ്ഞ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഏറെയും വനിതകളാണ്. കമ്പത്തിനു പേരുകേട്ട അനവധി ആശാന്‍മാരുടെ നാടായിരുന്നു നന്ദിയോട്. എന്‍.ആര്‍. പണിക്കര്‍, വേലായുധനാശാന്‍, സുകുമാരനാശാന്‍, രാജനാശാന്‍, ശിവദാസന്‍ എന്നിവര്‍ മണ്‍മറഞ്ഞവരുടെ പട്ടികയില്‍പ്പെടുന്നു.
ഇതില്‍ പലരും മല്‍സര കമ്പത്തില്‍ വിജയക്കൊടി പാറിച്ചവരാണ്. ഇന്ന് അവരുടെ തലമുറയില്‍പ്പെട്ടവരും ശിഷ്യന്‍മാരുമാണു പടക്ക നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഉല്‍സവ സീസണുകളില്‍ മല്‍സര പൂത്തിരിമേളയൊരുക്കുന്ന വിദഗ്ദരായ ആശാന്‍മാരും ഇന്നത്തെ തലമുറയിലുണ്ട്. പണ്ടൊക്കെ നാട്ടില്‍ തന്നെ പനയോല ലഭ്യമായിരുന്നുവെങ്കിലും ഇന്നു തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍
നിന്നാണ് ഓലകള്‍ എത്തിക്കുന്നത്. മരുന്നുകളുടെ ചേരുവ പ്രധാനപ്പെട്ടതാണ്. വിവിധ വലുപ്പത്തിലുള്ള ഒാല പടക്കങ്ങളും മാലപടക്കങ്ങളും പൂത്തിരികളുമാണു നിര്‍മിക്കുന്നത്.
ചൈനീസ് പടക്കങ്ങള്‍ വിപണിയില്‍ സജീവമായത് ഇവരുടെ തൊഴിലിനെ ചെറുതായി ബാധിച്ചുവെങ്കിലും നാടന്‍ പടക്കങ്ങള്‍ക്കു ഡിമാന്‍ഡ് കുറഞ്ഞിട്ടില്ലെന്നു അവര്‍ പറയുന്നു. അസംഘടിത മേഖലയില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് അടുത്ത കാലത്തു യൂണിയന്‍ ഉണ്ടായത് അനുഗ്രഹമായിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നിന്നു കാര്യമായ ഇടപ്പെടലുകള്‍ തൊഴില്‍ രംഗത്ത് ഉണ്ടാകുമെന്ന വിശ്വാസത്തിലാണു തൊഴിലാളികള്‍. ഏതായാലും ദീപാവലി ആഘോഷിക്കാന്‍ നന്ദിയോടിന്റെ സ്വന്തം നാടന്‍ പടക്കങ്ങള്‍ റെഡിയാണ്.......