പാലോട്: പാലോട് കുശവൂര്‍ ജംഗ്ഷനില്‍ പലയിടങ്ങളിലായി മാലിന്യങ്ങള്‍ കുന്നു കൂടുകയാണ്. വാമനപുരം നദിയിലേക്ക് ഒഴുകി എത്തുന്ന കുശവൂര്‍ ജംഗ്ഷനിലെ തോട്ടില്‍ നിര്‍ബാധം ചപ്പുചവറുകളും മാലിന്യങ്ങളും കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നു. ഈച്ചയും പുഴുവും പെരുകി കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി .
പഞ്ചായത്തോ ആരോഗ്യ വകുപ്പോ തിരിഞ്ഞു നോക്കുന്നില്ല. പകര്‍ച്ചപ്പനി പടര്‍ന്നു പിടിച്ചിട്ടും അധികാരികള്‍ മുന്നോട്ടു വരാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. തുലാമഴ കനക്കുമ്പോള്‍ ഇത് വളരെ സങ്കീര്‍ണ്ണമായ സ്ഥിതിവിശേഷം ഉണ്ടാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക .കുശവൂര്‍ ജംഗ്ഷനില്‍ തിരുവനന്തപുരം ഭാഗത്തേക്കു ബസു കാത്തു നില്‍ക്കുന്ന ഭാഗം വളരെ താഴ്ചയുള്ള തോടിന്റെ കരയാണ്. ഇവിടെയും ഇതിനെതിര്‍വശത്തുമുള്ള സ്ഥലങ്ങളിലാണ് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. കെ.എസ്.റ്റി.പിക്കാര്‍ പണിപൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചു പോയ നിലയിലാണ് ഇവിടത്തെ ഓടയും തോടിന്റെ ഭാഗവും. ഈ അഴുക്കു ചാലുകളിലേക്ക് വാഹനങ്ങളും കാല്‍നടക്കാരും വീഴുക പതിവായിരിക്കയാണ്. ഇവിടെ നിന്നും ഒഴുകി എത്തുന്ന മാലിന്യം തൊട്ടുതാഴെയുള്ള പമ്പു ഹൌസിലാണ് എത്തുന്നത്. അവിടെ നിന്നും പമ്പു ചെയ്യുന്ന വെള്ളമാണ് നന്ദിയോട് നിവാസികള്‍ക്ക് വാട്ടര്‍ അതോറിട്ടി കുടിവെള്ളമായി നല്‍കുന്നത്.