വിതുര: മാലിന്യങ്ങള്‍ കൂമ്പാരമായി മാറിയ പൊന്മുടിയിലെ സര്‍ക്കാര്‍ അതിഥി മന്ദിരം വളപ്പില്‍ മൂക്ക് പൊത്താതെ നില്‍ക്കാനാകാത്ത നിലയിലായിട്ടും അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപം. അതിഥി മന്ദിരത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ മുറികളില്‍ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളുമാണ് മന്ദിരത്തിന് പുറകിലെ വളപ്പില്‍ നിക്ഷേപിച്ചിരിക്കുന്നത്. അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന ഇത്തരം മാലിന്യങ്ങള്‍ താഴ്വരയില്‍ ചിതറി കിടക്കുന്നത് ഇവിടത്തെ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നതായി സൂചനയുണ്ട്.
അതിഥി മന്ദിരത്തോടു ചേര്‍ന്നുള്ള റസ്റ്റാറന്റിലെ മലിനജലവും യാതൊരു ശ്രദ്ധയുമില്ലാതെ താഴ്വരയിലേക്ക് ഒഴുക്കി വിടുകയാണ്. മലമടക്കുകളില്‍ നിന്നും ഒഴുകിയിറങ്ങുന്ന ചെറു അരുവികളിലും, കൈത്തോടുകളിലും ഈ മലിനജലം കലരുന്നതായി ആക്ഷേപമുണ്ട്. അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ മഴക്കാലത്ത് ഒഴുകി വനത്തിനുള്ളില്‍ വ്യാപിക്കുന്നത് മണ്ണിന്റെ ഫലഭൂയിഷ്ടത തകര്‍ക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.