പാലോട്: മിണ്ടാപ്രാണികളോടുള്ള ക്രൂരത അവസാനിക്കുന്നില്ല. രണ്ട് ദിവസംകൊണ്ട് ഇവ നടന്നുതീര്‍ക്കേണ്ടത് നൂറ്റിപ്പതിനഞ്ച് കിലോമീറ്റര്‍. വഴിയില്‍ കിടന്നുപോയാല്‍ ഒന്നുകില്‍ കണ്ണില്‍ മുളകുപൊടി തേക്കും, അല്ലെങ്കില്‍ വാല് വളച്ചൊടിക്കും. പ്രാണവേദനയോടെ ഓടുന്നതിനിടെ വണ്ടിക്കടിയില്‍പെട്ട് ചത്ത മൃഗങ്ങളും ഏറെ. തമിഴ്‌നാട്ടിലെ കടയനല്ലൂരില്‍നിന്നും അതിര്‍ത്തികടന്ന് കേരളത്തിലെത്തുന്ന കാളകളുടെ ദുരിതകാലം അവസാനിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിനുപോലും സാധിക്കുന്നില്ല.
വിവിധ ഭാഗങ്ങളില്‍നിന്നും വാങ്ങിക്കൂട്ടുന്ന കാളകളെ കടയനല്ലൂരില്‍ എത്തിക്കുന്നു. വടശ്ശേരി, മാര്‍ത്താണ്ഡം ചന്തകളില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രയില്‍ അതിര്‍ത്തി കടന്നെത്തുന്നതിന് മുമ്പ് തമിഴ്‌നാട്ടില്‍ പുളിയറയിലും കോട്ടവാസലിലും ചെക്ക്‌പോസ്റ്റുകളുണ്ട്. കേരളത്തിന്റെ അതിര്‍ത്തിയിലാകട്ടെ ആര്യങ്കാവിലും തെന്മലയിലും പാറശ്ശാലയിലും പരിശോധനകളുണ്ടെന്നാണ് വയ്പ്.
അഞ്ച് കിലോമീറ്ററിലധികം ദൂരം മൃഗങ്ങളെ കൊണ്ടുപോകുമ്പോള്‍ വാഹനങ്ങളില്‍തന്നെ കൊണ്ടുപോകണം എന്നും ഒരു ലോറിയില്‍ 12 കാലികളെ കൂടുതല്‍ കയറ്റരുതെന്നും 2010-ല്‍ ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. തിരുവനന്തപുരം-തെങ്കാശി റോഡിലും നാഗര്‍കോവില്‍-തിരുവനന്തപുരം റോഡിലും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് ഗതാഗതക്കുരുക്കുണ്ടാക്കി ദിവസവും ചന്തയിലേക്ക് വരുന്ന നൂറുകണക്കിന് കാളകള്‍ ദയനീയ കാഴ്ചയാവുകയാണ്. ആന്ത്രാക്‌സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഭീഷണി ഉയര്‍ത്തുമ്പോഴും ഇവയ്‌ക്കൊന്നിനും പരിശോധനാസര്‍ട്ടിഫിക്കറ്റുകള്‍ ഒന്നുമില്ല.