സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് ചാരുപാറ രവിയുടെ ഒന്നരയേക്കര്‍ പാഴ്‌നിലമാണ് ജൈവ രീതിയില്‍ നെല്‍പ്പാടമാക്കി മാറ്റിയത്. വെള്ളക്കെട്ട് നിയന്ത്രിച്ചശേഷം തൊളിക്കോട് കൃഷിഭവന്‍ നല്‍കിയ ജൈവ വളവും നെല്‍വിത്തും ഉപയോഗിച്ച് കൃഷിയിറക്കുകയായിരുന്നു. മധ്യകാല മൂപ്പുള്ള 'ഉമ' എന്ന വിത്തിനമാണ് ഉപയോഗിച്ചത്. നെല്‍ച്ചെടികള്‍ക്ക് അധികം ഉയരം വെയ്ക്കാത്തതിനാല്‍ ചാഞ്ഞുപോകാത്ത ഈ ഇനത്തിന് 115-125 ദിവസമാണ് മൂപ്പ്. ഏത് സീസണിലും കൃഷിയിറക്കാന്‍ അനുയോജ്യമാണ് 'ഉമ'.
കാര്‍ഷിക കര്‍മ്മസേന എന്ന സംഘടനയാണ് അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ വക കൊയ്ത്ത് -മെതി യന്ത്രം ചായത്ത് എത്തിച്ചത്. കൊറിയന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിനെ അടുത്തുകാണാന്‍ വിതുര യു.പി.എസ്., ചായം എല്‍.പി.എസ്, ചാരുപാറ പൊന്മുടിവാലി പബ്ലിക് സ്‌കൂള്‍, എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുമെത്തി. വാര്‍ഡംഗം ആര്‍.ശോഭനകുമാരി, ചാരുപാറ രവി, ചായം ബാങ്ക് പ്രസിഡന്റ് എന്‍.ശശിധരന്‍നായര്‍, മാതൃകാ കര്‍ഷകന്‍ തച്ചന്‍കോട് മനോഹരന്‍നായര്‍, തൊളിക്കോട് കൃഷി ഭവന്‍ അസിസ്റ്റന്റുമാരായ എസ്.കെ.പ്രകാശ്, ദിലീപ്കുമാര്‍, പൊന്മുടിവാലി സ്‌കൂള്‍ സെക്രട്ടറി സി.ആര്‍.അരുണ്‍, ആര്‍.ശേഖരപിള്ള തുടങ്ങിയവര്‍ വിളവെടുപ്പിന് നേതൃത്വം നല്‍കി.
ചായത്ത് ഇപ്പോള്‍ ഒന്നര ഏക്കര്‍ ഭൂമിയില്‍ മാത്രമാണു നെല്‍കൃഷിയുള്ളത്. ചാരുപാറ രവി ഒരേക്കറിലും
പി. വിജയന്‍നായര്‍ അരയേക്കറിലും കൃഷിനടത്തി മാതൃക കാട്ടുന്നു. പക്ഷേ നെല്‍കൃഷി നഷ്ടമാണെന്ന് ഇവര്‍ക്ക് അഭിപ്രായമില്ല. ഇക്കുറി ഒരേക്കറില്‍ കൃഷി നടത്തിയപ്പോള്‍ 20,000 രൂപ ലാഭം കിട്ടിയതായി ചാരുപാറ രവി പറഞ്ഞു. ഒരേക്കറില്‍ കൃഷിയിറക്കിയപ്പോള്‍ 200 പറ നെല്ല് ലഭിച്ചു. ജൈവവളമാണ് ഉപയോഗിച്ചത്. കൊയ്യുവാന്‍ ആളില്ലാത്തതുമൂലം കൊയ്ത്ത്യന്ത്രത്തെ ആശ്രയിക്കേണ്ടിവന്നു. ആദ്യമായാണു ചായം ഏലയില്‍ കൊയ്ത്ത്യന്ത്രം കടന്നെത്തിയത്.
രണ്ടു മണിക്കൂര്‍ കൊണ്ടു യന്ത്രം ഒന്നര ഏക്കര്‍ വയല്‍ കൊയ്തു നെല്ല് പാറ്റി ചാക്കില്‍ നിറച്ചു നല്‍കി. കൊയ്ത്ത് യന്ത്രത്തിന്റെ പ്രവര്‍ത്തനം കാണാന്‍ നൂറുകണക്കിനു കുട്ടികളും കര്‍ഷകരും നാട്ടുകാരും വയലില്‍ തടിച്ചുകൂടി. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നെല്‍കൃഷിയുടെ മഹത്വത്തെ കുറിച്ചും കൊയ്ത്ത്യന്ത്രത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും ബോധവല്‍ക്കരണവും നടത്തി. അടുത്ത വര്‍ഷം മുതല്‍ വാഴകൃഷി മാറ്റി നെല്‍കൃഷി നടത്താമെന്നു വാഗ്ദാനം നല്‍കി അനവധി പേര്‍ മുന്നോട്ടുവരികയും ചെയ്തു.


