വിതുര: പൊന്‍മുടിയിലും പരിസരത്തും കുമിഞ്ഞുകൂടിയ കുളയട്ടകള്‍ ടൂറിസ്റ്റുകള്‍ക്കും സ്ഥലവാസികള്‍ക്കും ഭീഷണിയായി. വിനോദസഞ്ചാരികള്‍ സൂക്ഷിച്ചില്ലെങ്കില്‍ കടി ഉറപ്പാണ്. അപ്പര്‍ സാനറ്റോറിയം, ഗസ്റ്റ്ഹൌസ്, പൊലീസ് സ്റ്റേഷന്‍, കെടിടിസി പരിസരങ്ങള്‍ എന്നിവിടങ്ങള്‍ കുളയട്ടകളുടെ കേന്ദ്രങ്ങളാണ്. പൊന്‍മുടിയിലെ പുല്‍ത്തകിടിയില്‍ ഇരിക്കുന്നവരെയാണു കുളയട്ടകള്‍ കടിക്കുന്നത്. അട്ടകളുടെ ശല്യംമൂലം പുറത്തിറങ്ങിയിരിക്കാന്‍ കഴിയില്ലെന്നു പൊലീസുകാര്‍ പറയുന്നു. മഴ കനത്തതോടെയാണു കുളയട്ടകള്‍ പെരുകിയത്.
കഴിഞ്ഞ ദിവസം വിനോദസഞ്ചാരാര്‍ഥം തിരുവല്ലയില്‍ നിന്നെത്തിയ സംഘത്തിലെ മൂന്നു വിദ്യാര്‍ഥികള്‍ അപ്പര്‍സാനറ്റോറിയത്തിലെ പുല്‍മേട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ കുളയട്ടകള്‍ ആക്രമിച്ചു. കുട്ടികളുടെ രക്തം ഉൌറ്റിക്കുടിച്ച കുളയട്ടകള്‍ ചീര്‍ത്തു പെരുകുകയും ദേഹത്തുനിന്നു രക്തം വാര്‍ന്നൊഴുകുകയും വസ്ത്രങ്ങളില്‍ പടരുകയും ചെയ്തു. രക്തം കണ്ടു കുട്ടികള്‍ ഭയന്നു നിലവിളിച്ചു. തുടര്‍ന്നു കുട്ടികളെ വിതുരയിലെ ആശുപത്രിയില്‍ കൊണ്ടുവന്നു പരിശോധന നടത്തി.
പൊന്‍മുടിയില്‍ കനത്ത മഴയും മഞ്ഞുമുള്ളപ്പോഴാണു കുളയട്ടകള്‍ വ്യാപിക്കുന്നത്. പൊന്‍മുടി, കുളച്ചിക്കര, ബോണക്കാട് തോട്ടങ്ങളിലും കുളയട്ട ശല്യമുണ്ട്. നേരത്തേ തേയിലത്തോട്ടങ്ങളില്‍ കീടനാശിനികള്‍ തളിച്ചിരുന്നപ്പോള്‍ കുളയട്ടശല്യം കുറവായിരുന്നു. തണുപ്പുകാലത്തു പൊന്‍മുടിയില്‍ വ്യാപിക്കുന്ന കുളയട്ടശല്യം ചൂട് വര്‍ധിക്കുമ്പോള്‍ കുറയുകയാണു പതിവ്.