റോഡുപണിക്ക് ഇറക്കിയ മെറ്റലും ഉപകരണങ്ങളും ഇടിഞ്ഞാറില്‍ അപകടം വിതയ്ക്കുന്നു
Sunday, November 13, 2011 at 9:00am
പെരിങ്ങമ്മല: ഇടവം-ഇടിഞ്ഞാര്‍ റോഡില്‍ യാത്രചെയ്യുന്നവര്‍ക്ക് റോഡുപണി കൂനിന്‍മേല്‍കുരുപോലെയാണ്. കാരണം വര്‍ഷം രണ്ട് കഴിഞ്ഞിട്ടും റോഡുപണിക്ക് അവസാനമായില്ല. മാത്രമല്ല റോഡുപണിക്ക് കൊണ്ടുവന്ന മെഷീനുകളും മെറ്റലും ഇറക്കിയിരിക്കുന്നത് കൊടും വളവുകളിലും. ചല്ലിയില്‍ ലോറികയറി മറിഞ്ഞ് ഒരു ലോഡിങ് തൊഴിലാളി മരിച്ചിട്ടും കരാറുകാരനും അധികൃതര്‍ക്കും അനക്കമില്ല.
മങ്കയം ഇക്കോ ടൂറിസം,ഇടിഞ്ഞാര്‍ ട്രൈബല്‍ ഹൈസ്‌കൂള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തേണ്ടവര്‍ക്കും രണ്ടായിരത്തിലധികം കുടുംബങ്ങള്‍ക്കും ഏക ആശ്രയമാണ് പെരിങ്ങമ്മല ഇടവം ഇടിഞ്ഞാര്‍ റോഡ്. എന്നാല്‍ റോഡിന്റെ പണിക്കായി ചല്ലിയും ടാറും കൊണ്ട് ഇറക്കിയത് ഏറ്റവും അപകടകരമായ വളവുകളിലാണ്. മെറ്റലും ടാറും കുഴച്ചെടുക്കുന്ന പ്ലാന്റ് കോളച്ചല്‍പാലം കഴിഞ്ഞുള്ള വളവിലാണുള്ളത്. വലിയ വാഹനങ്ങള്‍ ഇവിടം കടന്നുപോകണമെങ്കില്‍ പെടാപ്പാടുപെടണം.
ഇതുകൂടാതെ ഇടിഞ്ഞാര്‍ ക്ഷേത്രം, ക്രിസ്ത്യന്‍പള്ളി എന്നിവിടങ്ങളിലെല്ലാം വളരെ അപകടകരമാംവിധം പാറപ്പൊടി, ചല്ലി എന്നിവ ഇറക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളെയും കൊണ്ടുവരുന്ന വണ്ടികളും അവയിലെ കുട്ടികളും അപകടസാഹചര്യത്തിലാണ് യാത്രചെയ്യുന്നത്. പാറപ്പൊടിയും ചല്ലിയും യന്ത്രങ്ങളും വളവുകളില്‍നിന്നും മാറ്റി സ്ഥാപിക്കണം എന്ന് നിരന്തരം നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും കരാറുകാരന്‍ ചെവിക്കൊണ്ടിട്ടില്ല.
ഒന്നര വര്‍ഷത്തോളമായി ടാറിങ് ആരംഭിച്ചെങ്കിലും ഇതുവരെയും അഞ്ച് കിലോമീറ്റര്‍പോലും പണി പൂര്‍ത്തീകരിച്ചിട്ടില്ല. ഇടവം ജങ്ഷന് സമീപം ടാറിട്ട് പണിക്കാര്‍ പോയതിനുപിന്നാലെ ടാറും ഇളകിപ്പോയി. ടാറിങ്ങില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.