ചെങ്കോട്ട റോഡില്‍ക്കൂടിയുള്ള കാളകളുടെ നടത്തം
പാലോട്: ഒരിറ്റു വെള്ളം നല്‍കാതെ...... പച്ചപ്പു കണ്ടാല്‍ കുനിയാന്‍ പോലും അവകാശമില്ലാതെ............. ചാട്ടവാറിന്റെയും വടിയുടെയും ക്രൂര പീഡനത്തിന് ഇരയായി കാളകളുടെ മരണത്തിലേക്കുള്ള നടത്തം ചെങ്കോട്ട റോഡിനു പതിവു കാഴ്ചയാകുമ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടും നിയമം കണ്ണടയ്ക്കുന്നു.
തെങ്കാശിയില്‍നിന്നു 100 കിലോമീറ്ററോളം നടക്കേണ്ടിവരുന്ന ഇവറ്റകള്‍ നേരെ മരണത്തിലേക്കാണു വീഴുന്നത്. ആര്യങ്കാവ് ചെക്ക്പോസ്റ്റിലും കണ്ണടച്ച നിയമം തന്നെ. സിറ്റിയിലെ ഹോട്ടലുകളില്‍ ഇഷ്ടഭക്ഷണമാകാന്‍ നടന്നെത്തുന്ന ഈ മിണ്ടാപ്രാണികള്‍ക്ക് ഇടയ്ക്കൊരു വിശ്രമം വേണമെങ്കില്‍ അതു കരാറുകാരന്‍ വിശ്രമിക്കുമ്പോള്‍ മാത്രമാണ്.
എന്നാല്‍ കാളകളെ കൊണ്ടുവരുന്ന കരാറുകാരന്റെയും അവസ്ഥ മറിച്ചല്ല. യജമാനന്‍ ഏല്‍പ്പിക്കുന്ന കാളകളെ എത്രയും പെട്ടെന്നു സ്ഥലത്തെത്തിച്ചാല്‍ തിരികെ ചെന്നു കൂലി വാങ്ങി വീട്ടിലെ പട്ടിണി മാറ്റാം. അതുകൊണ്ടു തന്നെ പരമാവധി പച്ചവെള്ളം കുടിച്ചും മുണ്ടു മുറുക്കി കെട്ടിയും ലക്ഷ്യത്തിലെത്താനുള്ള തത്രപ്പാടിലാണ് അവരും. ഈ തത്രപ്പാടില്‍ കാളകള്‍ക്കു ചാട്ടവാറിന്റെ പ്രഹരം ഏറും. നടത്തിക്കൊണ്ടു പോകുന്ന കാളകള്‍ വിരണ്ടോടുന്നതും പലപ്പോഴും യാത്രക്കാര്‍ക്കു ഭീഷണിയാവുന്നുണ്ട്.
ഇത്തരം കാളകളെ ഇടയ്ക്കുവച്ചു കഴുത്തുകള്‍ കൂട്ടിക്കെട്ടി പീഡിപ്പിക്കുന്നതും കാഴ്ചയാണ്. വനമേഖലയിലെത്തുമ്പോഴാണ് നടത്തത്തിനു വേഗം കൂടാന്‍ കടുത്ത പീഡനം നടക്കുന്നത്. കാളകളെ നടത്തിക്കൊണ്ടു പോകരുതെന്ന നിയമം നിലനില്‍ക്കെയാണു ചെക്ക്പോസ്റ്റും അനവധി പൊലീസ് സ്റ്റഷനുകളും കടന്നെത്തുന്ന പരസ്യമായ ഈ നിയമ ലംഘനം.