പാലോട്: പണിതുടങ്ങിയിട്ട് രണ്ടുവര്‍ഷം. പൊതുജനങ്ങളുടെ യാത്ര നടുവൊടിഞ്ഞ്. പാലോടിനെ സ്റ്റേറ്റ് ഹൈവേയുമായി ബന്ധിപ്പിക്കുന്ന പാലോട്-കല്ലറ റോഡിനാണ് ഈ ഗതികേട്. റോഡിന്റെ നിയന്ത്രണം പാലോട് എ.ഇ.ക്കാണ്. അര കിലോമീറ്റര്‍ അകലം മാത്രമുള്ള പി.ഡബ്ല്യു.ഡി. ഓഫീസിനു മുന്നിലാണ് പൊതുജനത്തിന്റെ ദുരിതയാത്ര.
2010 ഫിബ്രവരി മാസത്തിലാണ് കല്ലറ റോഡിന്റെ നിര്‍മാണം ആരംഭിച്ചത്. ആറുമാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാനായിരുന്നു നിര്‍ദേശം. പാണ്ഡ്യന്‍പാറ, മൈലമൂട്, കടുവാക്കുഴി, ഗാര്‍ഡന്‍ സ്റ്റേഷന്‍ തുടങ്ങിയ ഭാഗങ്ങളില്‍ റോഡ് ഏറ്റവും അപകടനിലയിലായി. എന്നിട്ടും രണ്ടാം വര്‍ഷവും പണി തുടങ്ങിയ സ്ഥലത്തുതന്നെ. മെറ്റലിന്റെ അഭാവം, ടാറിന്റെ ക്ഷാമം, എന്നൊക്കെ കാരണങ്ങള്‍ പറഞ്ഞാണ് പണി നീണ്ടുപോകുന്നത്.
പുലിപ്പാറ മുതല്‍ പാണ്ഡ്യന്‍പാറ വരെയുള്ള റോഡിലൂടെ യാത്ര ദുരിതപൂര്‍വമാണ്. വലിയ കുഴികളും വെള്ളക്കെട്ടുകളും നിറഞ്ഞ റോഡില്‍ നിത്യവും അഞ്ചിലധികം അപകടങ്ങള്‍ നടക്കുന്നുണ്ടെന്ന് പാങ്ങോട് പോലീസ് പറയുന്നു. കരാറുകാരന്റെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവമാണ് പണിനീണ്ടുപോകാന്‍ കാരണമെന്ന് ജനപ്രതിനിധികള്‍ പറയുന്നു.
പാണ്ഡ്യന്‍പാറയില്‍ റോഡും സമീപത്തെ വശങ്ങളും തമ്മില്‍ വലിയ പൊക്കവ്യത്യാസമുണ്ട്. ഇതിനാല്‍ കണ്ണൊന്നു തെറ്റിയാല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടും എന്നുറപ്പ്. റോഡിന്റെ വീതികൂട്ടല്‍, പാര്‍ശ്വങ്ങളുടെ നവീകരണം എന്നിവയെല്ലാം കടലാസില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു. പൊതുമരാമത്ത് അധികൃതര്‍ ഊര്‍ജിതമായി ഇടപെട്ടാല്‍ മാത്രമേ പണി ധൃതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്ന് ബ്ലോക്ക് പഞ്ചായത്തംഗം അനു എ.നായര്‍ പറയുന്നു.