Monday, November 14, 2011 at 9:10am
പാലോട്: പ്രഭാത പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ ഞാറനീലി ഗവ. യു.പി.എസ്സില്‍ പ്രഭാത പഠന-ഭക്ഷണ പരിപാടി തുടങ്ങി. ജില്ലാ പഞ്ചായത്തംഗം സോഫീതോമസ് ഉദ്ഘാടനം ചെയ്തു. ചാറ്റുപാട്ട്, മലമ്പാട്ട്, നാട്ടുവൈദ്യം എന്നിവയ്ക്ക് പുനര്‍ജനി നല്‍കുന്നതിനായി തുടങ്ങിയ നാട്ടറിവ് ഫോക്‌ലോര്‍ ആവേശത്തോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്. ഫോക്‌ലോര്‍ അക്കാഡമി ജേതാവ് നൂറ്റിയേഴ് വയസ്സുകാരി മാത്തുമുത്തിയാണ് ഇതിന്റെ ഉദ്ഘാടനം നടത്തിയത്.
സന്നദ്ധ സംഘടനകളുടെയും ചില വ്യക്തികളുടെയും സഹായത്തോടെയാണ് പ്രഭാത ഭക്ഷണ പരിപാടി നടത്തുന്നതെന്ന് പ്രഥമാധ്യാപകനായ വേണുകുമാരന്‍നായര്‍ പറഞ്ഞു. ഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ പാത്രങ്ങള്‍, ഗ്രൈന്‍ഡര്‍, കണ്ടെയ്‌നര്‍ എന്നിവയെല്ലാം സംഘടനകള്‍ വാങ്ങി നല്‍കിയിട്ടുണ്ട്. ഓരോ ദിവസവും 75 കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കും.
പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്കംഗം ബി.പവിത്രകുമാര്‍, ജുമൈലാ സത്താര്‍, രാജേന്ദ്രന്‍പിള്ള, കേശവന്‍പോറ്റി, പ്രൊഫ. എ. കൃഷ്ണകുമാര്‍, എ.ഇ.ഒ. ഷാജു, ബി.പി.ഒ. മോഹനകുമാര്‍, സദാശിവന്‍കാണി, ബീന എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനശേഷം മാത്തുമുത്തിയുടെ നാടന്‍പാട്ട് പുതുതലമുറയ്ക്ക് അറിവിന്റെ നിറവായി.