തെന്നൂര്‍: ചോര്‍ന്നൊലിക്കുന്ന, പ്രാഥമിക സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത തകര്‍ന്നുവീഴാറായ തെന്നൂര്‍ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 14 ലക്ഷം രൂപ അനുവദിച്ചു. 2012 ജൂണ്‍ മാസത്തിന് മുമ്പായി കെട്ടിടം പണി പൂര്‍ത്തീകരിക്കണം. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണചുമതല. പണം അനുവദിച്ചുകൊണ്ട് ലാന്‍ഡ് റവന്യൂ കമ്മീഷണറുടേതാണ് ഉത്തരവ്. എന്നാല്‍ പണം അനുവദിക്കുന്നത് ഇത് രണ്ടാം തവണ.
ഫയലുകള്‍ മുഴുവന്‍ ചിതല്‍ കുത്തി, വൈദ്യുതി ഇല്ലാതെ ഇരുട്ടിലായ തെന്നൂര്‍ വില്ലേജോഫീസിന്റെ ഗതികേടിനെപ്പറ്റി 'മാതൃഭൂമി' നിരന്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
2008-ലെ സംസ്ഥാന ബജറ്റിലാണ് മുമ്പ് തെന്നൂര്‍ വില്ലേജിനുവേണ്ടി 8.4 ലക്ഷം രൂപ അനുവദിച്ചിരുന്നത്. എന്നാല്‍ ഈ പണം ഉപയോഗിച്ച് ഇവിടെ കെട്ടിടം പണിതില്ല. രണ്ട് വര്‍ഷം കഴിഞ്ഞ് ഫണ്ട് ലാപ്‌സാവുകയും ചെയ്തു. അന്ന് ഇതിനായി സര്‍ക്കാര്‍ ഏജന്‍സി തയ്യാറാക്കിയ കെട്ടിടത്തിന്റെ പ്ലാന്‍വെച്ച് തെന്നൂര്‍ വില്ലേജ് ഓഫീസ് പണിയാന്‍ കഴിയില്ലായെന്നും കൂടുതല്‍ സ്ഥലം വേണ്ടിവരുമെന്നും പറഞ്ഞാണ് നിര്‍മാണം നടക്കാതെ പോയത്.
ഇപ്പോള്‍ 14 ലക്ഷം രൂപ അനുവദിച്ചത് ആശാവഹമാണെങ്കിലും പുതിയ കെട്ടിടം വരുമോ എന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. ഇക്ബാല്‍ കോളേജ് ട്രസ്റ്റ് സൗജന്യമായി വിട്ടുനല്‍കിയ വസ്തുവിലാണ് ഇപ്പോഴത്തെ കെട്ടിടം. ഇത് കാലഹരണപ്പെട്ടുകഴിഞ്ഞു. മേല്‍ക്കൂര ചോര്‍ന്നൊലിച്ച് താഴെ വീഴാറായി. പ്രാഥമിക സൗകര്യങ്ങളില്ല. വൈദ്യുതിയും ഇല്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് കമ്പ്യൂട്ടര്‍രഹിത വില്ലേജ്ഓഫീസുകളുടെ പട്ടികയില്‍ ഒന്നാംസ്ഥാനമാണ് തെന്നൂരിന്.