നന്ദിയോട്: നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന നന്ദിയോട്-ആലംപാറ റോഡ് പൊട്ടിപ്പൊളിഞ്ഞു. ഇതോടെ ഊളന്‍കുന്ന്, നവധാര, തോട്ടുമുക്ക്, ആലംപാറ എന്നിവിടങ്ങളിലേക്കുള്ള യാത്ര ദുരിതപൂര്‍ണമായി. ടാറിങ് പണികള്‍ പൂര്‍ത്തീകരിച്ച് ഒന്നരവര്‍ഷം പിന്നിടുമ്പോഴാണ് റോഡ് തകര്‍ന്നത്. നിര്‍മാണത്തിലെ അപാകവും റോഡിന് ഓടയില്ലാത്തതുമാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
നന്ദിയോട്ടുനിന്ന് ആരംഭിക്കുന്ന റോഡ് ഹരിശ്രീ ജങ്ഷന്‍ കഴിയുന്ന ഭാഗത്തുതന്നെ പൊളിഞ്ഞ നിലയിലാണ്. ആലംപാറ ക്ഷേത്രത്തിനു സമീപത്തെ പാറയിരിക്കുന്ന വളവാണ് ഏറെ അപകടകരം. കണ്ണൊന്നുതെറ്റിയാല്‍ ഇവിടെ അപകടം ഉറപ്പ്. പാറയുടെ മറവും റോഡിലെ കുഴിയും ചേരുമ്പോള്‍ ഇവിടെ യാത്ര ഏറെ ദുരിതപൂര്‍ണമാകുന്നു.
നവധാരയില്‍നിന്നും പാലുവള്ളിയിലെത്തുന്ന റോഡിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കുത്തനെയുള്ള കയറ്റവും ചെളിക്കെട്ടുമാണ് ഈ റോഡിന്റെ ദുരിതം. ടാറിങ് നടത്താനാകാത്തതിനാല്‍ സിമന്റ് സ്ലാബുകള്‍ ഉപയോഗിച്ച് ഇവിടം ഗതാഗതയോഗ്യമാക്കണം എന്ന് തീരുമാനമെടുത്തിരുന്നെങ്കിലും അതും നടന്നിട്ടില്ല.
തോട്ടുമുക്ക് റോഡിന്റെ തകര്‍ച്ച കൂടിയാകുന്നതോടെ നന്ദിയോട്-ആലംപാറ റോഡ് യാത്ര ദുരിതം നിറഞ്ഞതായി മാറുന്നു.