പാലോട്: നൂറ്റാണ്ട് പഴക്കമാര്‍ന്ന ചിപ്പന്‍ചിറയിലെ പഴയപാലം ഏതുനിമിഷവും നിലംപൊത്താവുന്ന നിലയില്‍. ഇരുമ്പുപാളങ്ങള്‍ തകര്‍ന്നുവീണുതുടങ്ങി. ഭാരം കയറ്റരുത് എന്ന മുന്നറിയിപ്പ് അവഗണിച്ചും ചരക്ക് ലോറികള്‍ പാലത്തിലൂടെ ഓടുന്നു. പഴയ പാലത്തിനു പകരം പുതിയ പാലം എന്ന വാഗ്ദാനം ശിലാഫലകത്തില്‍ ഒതുങ്ങി.
അന്തര്‍സംസ്ഥാന പാതയായ തിരുവനന്തപുരം-തെങ്കാശി റോഡിലാണ് ചിപ്പന്‍ചിറ പാലം. തിരുവിതാംകൂര്‍ രാജവംശത്തിന്റെ സൈന്യത്തെ കൊണ്ടുവരുന്നതിനാണ് ചിപ്പന്‍ചിറയില്‍ ഇരുമ്പ് പാലം പണിതത്. ഇതേ പാലം നൂറ്റാണ്ടുകാലം സുഗമമായ യാത്രയ്ക്ക് സഹായകമായി. എന്നാല്‍ കഴിഞ്ഞ ഇരുപതുവര്‍ഷമായി പാലം തകര്‍ച്ചയിലായിട്ട്. മൂന്നുതവണ പാലത്തിലൂടെയുള്ള യാത്ര നിര്‍ത്തിവെച്ചു. ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണികളും നടത്തി. എന്നിട്ടും പാലത്തെ രക്ഷിക്കാനായില്ല.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ സര്‍ക്കാര്‍ പാലത്തിനുവേണ്ടി 72 ലക്ഷം രൂപ അനുവദിച്ചത്. വളരെ ആഘോഷപൂര്‍വം പാലത്തിന്റെ ശിലാസ്ഥാപന ചടങ്ങും നടത്തി. എന്നാല്‍ പണിതുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ വനംവകുപ്പ് തടസ്സവാദവുമായി എത്തി. ഇതോടെ പാലംപണി നിലച്ചു.
മലഞ്ചരക്കിന്റെ കൈമാറ്റത്തിലൂടെ സാമ്പത്തിക പുരോഗതി നേടിയ മടത്തറയേയും നെടുമങ്ങാടിനേയും തമ്മില്‍ കൂട്ടിയിണക്കുന്നതില്‍ ചിപ്പന്‍ചിറ പാലം വഹിച്ചിരുന്ന പങ്ക് വളരെ വലുതാണ്. പുതിയ പാലം എന്ന ആശയത്തിനും സര്‍ക്കാര്‍ ഉറപ്പുകള്‍ക്കും ഇരുപതുവര്‍ഷം പിന്നിടുമ്പോള്‍ പഴയ പാലം ഏതുസമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലായി. മര്‍ക്കടമുഷ്ടി ഉപേക്ഷിച്ച് വനംവകുപ്പ് മൃദുസമീപനം സ്വീകരിച്ചാല്‍ മാത്രമേ ചിപ്പന്‍ ചിറ പാലം ലക്ഷ്യത്തിലെത്തൂവെന്ന് സമീപവാസികള്‍ പറയുന്നു.