പാലോട്: ഗ്രാമങ്ങളെ ശരണംവിളികളാലും അയ്യപ്പസ്തുതികളാലും മുഖരിതമാക്കി മണ്ഡലകാലത്തിനു തുടക്കമായി. ക്ഷേത്രങ്ങളില്‍ ഭക്തരുടെ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്തര്‍ നേര്‍ച്ചയായി നടത്തുന്ന 41 ദിന വിളക്കുല്‍സവത്തിനും മകരവിളക്ക് ഉല്‍സവത്തിനും ക്ഷേത്രങ്ങളില്‍ തുടക്കം കുറിച്ചു. പുരാതനവും പ്രസിദ്ധ ശാസ്താ ക്ഷേത്രങ്ങളിലൊന്നുമായ നന്ദിയോട് പച്ച നെടുംപറമ്പ് ധര്‍മശാസാതാ ക്ഷേത്രത്തില്‍ നിര്‍മാല്യദര്‍ശനത്തിനും മാലയിടലിനും പുലര്‍ച്ചെ തന്നെ വന്‍ തിരക്ക് അനുഭവപ്പെട്ടു.
ഇരുമുടിക്കെട്ട് നിറയ്ക്കലിനും ഭക്തര്‍ എത്തുന്നു. മേഖലയിലെ മറ്റു ക്ഷേത്രങ്ങളായ ആലമ്പാറ ദേവീക്ഷേത്രം, കള്ളിപ്പാറ ആയിരവില്ലി ക്ഷേത്രം, നന്ദിയോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പച്ച സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പാലോട് ഉമാമഹേശ്വര ക്ഷേത്രം, ഇടിഞ്ഞാര്‍ ശിവക്ഷേത്രം, ഇടിഞ്ഞാര്‍ നാഗ രാജ ക്ഷേത്രം, വെമ്പില്‍ മണലയം ശിവക്ഷേത്രം, മൈലമൂട് കോട്ടയപ്പന്‍കാവ് ക്ഷേത്രം, മീന്‍മൂട് ഉമാമഹേശ്വര ക്ഷേത്രം, വലിയതാന്നിമൂട് മഹാദേവര്‍ ക്ഷേത്രം അടക്കമുള്ള മിക്ക ക്ഷേത്രങ്ങളിലും മണ്ഡലച്ചിറപ്പ് ഉല്‍സവത്തിനു തുടക്കം കുറിച്ചു.


