വിതുര: കല്ലാര്‍ മംഗലക്കരിക്കകം, ആറാനക്കുഴി മേഖലയില്‍ കാട്ടാനക്കൂട്ടം താണ്ഡവമാടി. ചൊവ്വാഴ്ച രാത്രിയില്‍ ഇവിടെ തമ്പടിച്ച പത്തോളം ആനകള്‍ നേരം പുലരുവോളം നാശവും ഭീതിയും പരത്തി വിഹരിച്ചു. കല്ലാര്‍ മംഗലക്കരിക്കകത്തില്‍ അജിത, ബേബി, അലക്സാണ്ടര്‍, രതീഷ്, ശശിധരന്‍, അനൂപ് എന്നിവരുടെ കൃഷിവിളകള്‍ ആനക്കൂട്ടം തകര്‍ത്തെറിഞ്ഞു. റബറും, തെങ്ങും, കമുകും പിഴുതിട്ടു. വാഴ, മരച്ചീനി, പച്ചക്കറി കൃഷികളും വ്യാപകമായി നശിപ്പിച്ചു. പടക്കം പൊട്ടിച്ചിട്ടും ആനക്കൂട്ടം പിന്‍വാങ്ങിയില്ല. ആനക്കൂട്ടം മണിക്കൂറുകളോളം തമ്പടിച്ചതോടെ ആദിവാസികളും മറ്റും ഉറങ്ങാതെ നേരം പുലരുവോളം ഭീതിയുടെ നിഴലില്‍കഴിഞ്ഞു.
ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടായതായി നാട്ടുകാര്‍ അറിയിച്ചു. നേരത്തെ നിവവധിതവണ കാട്ടാനകള്‍ ഇൌ മേഖലയില്‍ കൃഷിനാശം വിതച്ചിട്ടുണ്ട്. രണ്ടുപേരെ കാട്ടാന കൊല്ലുകയും ചെയ്തിട്ടുണ്ട്. കാട്ടുമൃഗശല്യം രൂക്ഷമായ ഇവിടെ കൃഷി അന്യമായി മാറുകയാണ്. ആനയ്ക്കു പുറമെ പന്നിയും, കാട്ടുപോത്തും ഇവിടെ നാശം വിതയ്ക്കാറുണ്ട്. ആനശല്യം ഒഴിവാക്കുന്നതിനായി കിടങ്ങുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു സ്ഥലവാസികള്‍ അനവധി തവണ നിവേദനം നല്‍കിയെങ്കിലും വനംവകുപ്പ് നടപടികള്‍ സ്വീകരിച്ചില്ലെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു.