വിതുര: ശിശുദിനത്തിന്‍െറ പ്രധാന്യവും ജവാഹര്‍ലാല്‍ നെഹ്രുവിന്‍െറ കാര്‍ഷികചിന്തകളും മുന്‍നിര്‍ത്തി കൃഷിപാഠം പ്രചാരകരായ അഗ്രിഫ്രണ്ട്സ് കൃഷി സാംസ്കാരികവേദി ചെറ്റച്ചല്‍ ജവഹര്‍ നവോദയ സ്കൂളില്‍ ഒരുക്കിയ ചാച്ചാജി സൌഹൃദ കൃഷിത്തോട്ടം ശ്രദ്ധേയമായി. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ തിരഞ്ഞെടുത്ത മുപ്പതു സ്കൂളുകളില്‍ അയ്യായിരം രൂപ ആനുകൂല്യം നല്‍കി സംഘടിപ്പിക്കുന്ന പച്ചക്കറികൃഷിയുടെ പരിശീലന നേതൃത്വം വഹിക്കുന്ന അഗ്രിഫ്രണ്ട്സ് ശിശുദിനത്തിന്‍െറ സന്ദേശം കൃഷിയിലൂടെ ക്രിയാത്മകതയിലെത്തിക്കുന്നതിന്‍െറ ഭാഗമായാണ് സ്കൂളില്‍ കൃഷി തുടങ്ങിയത്.
നവോദയ സ്കൂള്‍ പ്രഥമാധ്യാപകന്‍ കെ.ഒ. രത്നാകരന്‍ സൌഹൃദകൃഷി ഉദ്ഘാടനം ചെയ്തു. സി.ആര്‍. ജോസ്, വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. അഗ്രിഫ്രണ്ട്സ് പ്രോഗ്രാം കോ-ഒാര്‍ഡിനേറ്ററും കൃഷി അസിസ്റ്റന്‍റുമായ വിതുര എസ്. ജയകുമാറാണ് കൃഷിപാഠത്തിനു നേതൃത്വം നല്‍കുന്നത്. കൃഷി ഒഴികെ മറ്റെന്തും നാളത്തേക്കു മാറ്റിവയ്ക്കാം എന്ന ജവാഹര്‍ലാല്‍ നെഹ്രുവിന്‍െറ സന്ദേശം കുട്ടികള്‍ കയ്യടിയോടെ സ്വീകരിച്ചു. ശാസ്ത്രീയമായി മണ്ണു സാംപിള്‍ എങ്ങിനെ ശേഖരിക്കാമെന്നു കുട്ടികള്‍ക്കു വിവരിച്ചു കൊടുത്തു.
35 ഏക്കര്‍ വിസ്തൃതിയുള്ള നവോദയ സ്കൂള്‍ കോമ്പൌണ്ടില്‍ രണ്ടായിരത്തിലേറെ വാഴയും നൂറുകണക്കിനു തെങ്ങും കശുമാവും പപ്പായ, സപ്പോട്ട, പേര തുടങ്ങിയ ഫലവൃക്ഷങ്ങളും ഒൌഷധസസ്യങ്ങളുമുണ്ട്. പച്ചക്കറി സമൃദ്ധി നാടിനും നഗരത്തിനും എന്ന ഹോര്‍ട്ടികള്‍ച്ചറല്‍
മിഷന്‍ പദ്ധതി സ്കൂളില്‍ 20 സെന്‍റിലാണു നടപ്പാക്കുന്നത്. ചീരകൃഷി തുടങ്ങി. പയര്‍, കോളിഫ്ളവര്‍, നെല്ല്, തുളസി, മുളക്, കത്തിരി കൃഷികളും തുടങ്ങും. കളിച്ചു ചിരിച്ചു പഠിച്ചു കൃഷിയിറക്കാം എന്ന കൃഷിപാഠം ശൈലിയിലായിരിക്കും കൃഷി സംഘാടനം.