വിതുര: ദീപാവലി ആഘോഷത്തിനിടയില്‍ പൊലീസ് പിടികൂടിയശേഷം വിട്ടയച്ച തേവിയോട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം സിമി ഭവനില്‍ എസ്.എം. സിനുവിന്റെ മരണകാരണങ്ങളെക്കുറിച്ചു സമഗ്രമായി അന്വേഷണം നടത്തുക, കുറ്റക്കാരായ മുഴുവന്‍ പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്യുകയും കൊലക്കുറ്റത്തിനു കേസെടുക്കുകയും ചെയ്യുക, സിനുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ഒരാള്‍ക്കു സര്‍ക്കാര്‍ ജോലിയും നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു പട്ടികജാതി പട്ടികവര്‍ഗ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിതുര പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി.
സിനുവിനെക്കുറിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ നടത്തിയ തെറ്റായ പ്രസ്താവന പിന്‍വലിക്കണമെന്നു ധര്‍ണ ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് എ.പി. കക്കാട് ആവശ്യപ്പെട്ടു. പട്ടികജാതിക്കാരോടുള്ള അവഗണനയും അതിക്രമവും അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരം തുടങ്ങും. സംസ്ഥാന ട്രഷറര്‍ പി.എസ്. ശകുന്തള, വെള്ളനാട് ജയചന്ദ്രന്‍,പി.എ.ജയന്‍, വിതുര വില്‍സണ്‍, ഇറയംകോട് അപ്പു, കെ.സാബു, പൊന്‍മുടി പരമശിവന്‍, ആര്‍.ലീല, ബേബി എന്നിവര്‍ പ്രസംഗിച്ചു.