വിതുര: ഭക്ഷ്യസിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി ടി.എം. ജേക്കബ്ബിന്റെ അകാലനിര്യാണത്തില്‍ കല്ലാര്‍ സംരക്ഷണസമിതി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വാമനപുരം ജലസേചന പദ്ധതിക്കെതിരെ കല്ലാര്‍ സംരക്ഷണസമിതി ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്ന വേളയിലാണു ടി.എം. ജേക്കബ് ജലസേചനമന്ത്രിയായി ചുമതലയേറ്റത്. 1992 ജൂണ്‍ ഏഴിനു ടി.എം. ജേക്കബ് കല്ലാറില്‍ എത്തി പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും സമരത്തിലേര്‍പ്പെട്ടിരുന്ന കല്ലാര്‍ സംരക്ഷണസമിതി പ്രവര്‍ത്തകരുമായും നാട്ടുകാരുമായും ചര്‍ച്ച നടത്തുകയും ചെയ്തു.
തുടര്‍ന്നു സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുന്നതിനായി സമിതി ഭാരവാഹികളെ തിരുവനന്തപുരത്തു വിളിക്കുകയും ചെയ്തു.ഇതിനു ശേഷമാണു വാമനപുരം ജലസേചനപദ്ധതി ഉപേക്ഷിച്ചു കല്ലാര്‍ ഗ്രാമത്തെ നിലനിര്‍ത്താന്‍ തീരുമാനമെടുത്തത്. ടി.എം. ജേക്കബ് എതിര്‍ തീരുമാനമെടുത്തിരുന്നുവെങ്കില്‍ കല്ലാറില്‍ അധിവസിച്ചിരുന്ന ആദിവാസികളടക്കം ആയിരങ്ങളെ കുടിയൊഴിപ്പിക്കുകയും കല്ലാര്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്യുമായിരുന്നു. സമിതി ഭാരവാഹികളായ ബി. മുരളീധരന്‍നായര്‍, വി. ഗോപിനാഥന്‍നായര്‍, എന്‍. രാമചന്ദ്രന്‍നായര്‍, കല്ലാര്‍സുരേന്ദ്രന്‍, ജി. ബാബു, കല്ലാര്‍മധുസൂദനന്‍, മോഹനകുമാര്‍, രവീന്ദ്രന്‍പിള്ള, വട്ടക്കയം രാധ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.