വിതുര: ഗ്രാമപ്പഞ്ചായത്തിലെ പട്ടികവര്‍ഗ വാര്‍ഡായ മണലിയില്‍ ഉള്ളവര്‍ക്ക് പുറംലോകത്തെത്താനായി വാമനപുരം ആറ്റിന് കുറുകെ പണിത ഇരുമ്പുപാലം തകര്‍ച്ചയുടെ വക്കില്‍. വാഹന ഗതാഗതത്തിന് നിരോധനമുള്ള ഈ പാലം മണല്‍വണ്ടികളുടെ സ്ഥിരം വഴിയായതാണ് തകര്‍ച്ചയ്ക്ക് ഇടയാക്കുന്നത്. അധികൃതരുടെ മൗനാനുവാദത്തോടെ നടക്കുന്ന മണല്‍വണ്ടി സഞ്ചാരം ഇനിയും തുടര്‍ന്നാല്‍ മണലി നിവാസികളുടെ പ്രധാന യാത്രാമാര്‍ഗത്തിന് അകാല ചരമമാകും.
മണലിപാലം സ്ഥാപിച്ചത് 20 വര്‍ഷം മുമ്പാണെങ്കിലും ഇതിന്റെ നിര്‍മാണ സാമഗ്രികള്‍ക്ക് നൂറ്റാണ്ട് പഴക്കമുണ്ട്. ആര്യനാട്ട് കരമനയാറ്റിന് കുറുകെയുണ്ടായിരുന്ന പഴയ ഇരുമ്പുപാലം പൊളിച്ചപ്പോള്‍ കിട്ടിയ സാമഗ്രികള്‍ കൊണ്ടാണ് മണലി പാലം പണിതത്. ഇപ്പോള്‍ തുരുമ്പുവിഴുങ്ങിയ ഈ പാലത്തിലൂടെയാണ് മണല്‍ച്ചാക്കുകള്‍ കയറ്റിയ ജീപ്പുകള്‍ തലങ്ങും വിലങ്ങും പായുന്നത്.
പാലത്തിലൂടെ വാഹനഗതാഗതം നിരോധിച്ചതായി അറിയിപ്പ് പതിച്ച ഫലകം തുരുമ്പുമൂടി ഒരറ്റത്ത് ഇരിപ്പുണ്ട്. മണലി നിവാസികള്‍ക്ക് അത്യാവശ്യത്തിന് ഓട്ടോയോ കാറോ കയറ്റാന്‍ നല്‍കിയ മൗനാനുവാദമാണ് മണല്‍ വണ്ടികള്‍ ആയുധമാക്കിയത്.
പാലത്തിന്റെ ഇരുവശത്തെയും സംരക്ഷണ കമ്പികളില്‍ പലതും വീണുകഴിഞ്ഞു. തങ്ങളുടെ കുട്ടികള്‍ ആറ്റില്‍ വീഴാതിരിക്കാന്‍ മണലി നിവാസികള്‍ വെച്ചുകെട്ടിയ കമ്പുകളും മണല്‍വണ്ടികള്‍ തട്ടിത്തെറിപ്പിച്ചു. നടക്കുമ്പോള്‍ പോലും പാലത്തിന്റെ പ്ലാറ്റ്‌ഫോം ശബ്ദമുണ്ടാക്കുകയാണ്. പാലം ഉറപ്പിച്ചിരിക്കുന്ന നട്ടുംബോള്‍ട്ടുമൊക്കെ തുരുമ്പിക്കുകയും ചെയ്തു.