വിതുര: സാന്ദ്രയും സാനിയയും സര്‍ഗയും ഇനി സുരക്ഷിത കരങ്ങളില്‍. പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കാണാതെ ഇൌ കുരുന്നുകള്‍ക്ക് ഇനി സ്വസ്ഥമായുറങ്ങാം. സ്വന്തം അച്ഛന്‍ തങ്ങളുടെ അമ്മയെ തീകൊളുത്തി കൊല്ലുന്നതിനു സാക്ഷിയാകേണ്ടിവന്ന, അനാഥരായി മാറിയ കുരുന്നുകള്‍ക്കു സുമനസ്സുകള്‍ തണല്‍ നല്‍കുന്നു. സാന്ദ്ര (എട്ട്), സാനിയ (അഞ്ച്), സര്‍ഗ (മൂന്ന്) എന്നിവരെ വെള്ളനാട് നമസ്തെ ചാരിറ്റി ട്രസ്റ്റ് ഏറ്റെടുത്തു.
മൂവര്‍ക്കും സുരക്ഷിതമായ ഇടം നല്‍കാന്‍ പ്രയത്നിച്ച തുമ്പ സ്റ്റേഷനിലെ എഎസ്ഐ ബാലചന്ദ്രമേനോനും ഇനി ആശ്വസിക്കാം. ഇന്നലെ ഉച്ചയോടെയാണു മൂവരെയും ഏറ്റെടുക്കാനുള്ള സന്നദ്ധത വെള്ളനാട് നമസ് ത ചാരിറ്റി ട്രസ്റ്റ് ബാലചന്ദ്രമേനോനെ അറിയിച്ചത്. കുട്ടികളെ ഏറ്റെടുക്കുമോ എന്നറിയാന്‍ കഴിഞ്ഞ ദിവസം അനവധി അനാഥാലയങ്ങളെ ബാലചന്ദ്രമേനോന്‍ സമീപിച്ചിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ ഒാഫിസിലും വിവരമറിയിച്ചിരുന്നു.
തുടര്‍ന്നാണു വിവരമറിഞ്ഞു നമസ്തെ ചാരിറ്റി കുട്ടികളെ ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ചത്. കവയിത്രി സുഗതകുമാരി നേതൃത്വം നല്‍കുന്ന ‘അഭയ”യും കുട്ടികളെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. അതേസമയം, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കാന്‍ സന്നദ്ധത അറിയിച്ച് അനവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. നമസ്തെ ഒാഫിസുമായി ബന്ധപ്പെട്ടു സഹായങ്ങള്‍ കുട്ടികള്‍ക്ക് ഉറപ്പാക്കുമെന്ന് ഇവര്‍ അറിയിച്ചു.