വിതുര: പൊടിയക്കാല ആദിവാസി കോളനിയില്‍ നിന്നു മീനാങ്കല്‍ ട്രൈബല്‍ സ്കൂളിലേക്കു പുറപ്പെട്ട മൂന്നു വിദ്യാര്‍ഥികള്‍ ആനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടു. ഒാടി മാറുന്നതിനിടെ മറിഞ്ഞുവീണു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. പൊടിയക്കാല സ്വദേശികളായ ശരണ്യ, ശരത്, ശ്രീജിത് എന്നിവരാണു രക്ഷപ്പെട്ടത്. മുന്‍പും ഇവരെ കാട്ടാനകള്‍ ഒാടിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 8.30ന് അഞ്ചുമരുതുംമൂടിനു സമീപം മുങ്കാലഅല്ലിയിലാണു സംഭവം.
അഞ്ചുമരുതുംമൂട്, മുങ്കാലഅല്ലി ഭാഗത്ത് ഇൌറ്റയില തിന്നാന്‍ എത്തുന്ന ആനക്കൂട്ടം തമ്പടിക്കാറുണ്ട്. ഈ ആനത്താര താണ്ടിയാണു വിദ്യാര്‍ഥികള്‍ എന്നും സ്കൂളിലെത്തുന്നത്. ഒരു മാസം മുന്‍പു പൊടിയക്കാല സ്വദേശിയായ അപ്പുക്കുട്ടന്‍ കാണിയെ കാട്ടാനക്കൂട്ടം ആക്രമിച്ചു കൊന്ന സ്ഥലംകൂടിയാണിവിടം. തൊട്ടുപുറകെ പൊടിയക്കാലയില്‍ നിന്നു വിതുരയ്ക്കു പോകാനെത്തിയ മനോഹരന്‍ കാണിയെയും സുദര്‍ശനന്‍ കാണിയെയും ആനകള്‍ ഒാടിച്ചു.
ആനശല്യം വര്‍ധിച്ചതുമൂലം പൊടിയക്കാലയിലെ വിദ്യാര്‍ഥികള്‍ക്കു സ്കൂള്‍ അന്യമാകുന്നു. പൊടിയക്കാലയില്‍ നിന്നു 17 വിദ്യാര്‍ഥികളാണു വിതുര, മീനാങ്കല്‍ സ്കൂളുകളില്‍ പഠിക്കാന്‍ പോകുന്നത്. ഇപ്പോള്‍ പകുതിപേരും ആനയെ ഭയന്നു സ്കൂളില്‍ പോകാറില്ലെന്നു രക്ഷാകര്‍ത്താക്കള്‍ പരാതിപ്പെട്ടു പൊടിയക്കാലയിലെ കുട്ടികള്‍ക്കു സ്കൂളില്‍ പോകുന്നതിനായി ജീപ്പ് സര്‍വീസ് തുടങ്ങുമെന്നു ഡിഎഫ്ഒ പ്രഖ്യാപനം നടത്തിയിരുന്നു. പക്ഷേ പാലിച്ചില്ല. പൊടിയക്കാലയിലേക്കു ബസ് സര്‍വീസ് ആരംഭിക്കുമെന്നു മന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും ബസ് ഇതുവരെ വന്നില്ല.