വിതുര: ഒരാഴ്ചയായി കാട്ടിലേക്ക് മടങ്ങാത്ത മൂന്ന് ആനകള്‍ പേപ്പാറ മേഖലയില്‍ ഭീതി പരത്തുന്നു. വനം റെയ്‌ഞ്ചോഫീസിന്റെ മതില്‍ തകര്‍ത്ത ആനകള്‍ കെ.എസ്.ഇ.ബി., ജല അതോറിട്ടി ജീവനക്കാരെ നിരവധി തവണ ആക്രമിക്കാനോടിച്ചു.
റെയ്‌ഞ്ചോഫീസിന്റെയും അയ്യപ്പക്ഷേത്രത്തിന്റെയും പരിസരങ്ങളില്‍ രാത്രിയിലെത്തുന്ന ആനകള്‍ രാവിലെയായാലും മടങ്ങുന്നില്ലെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഏഴുമണിയോടെ ബസ്സില്‍ പേപ്പാറയില്‍ നിന്ന് മടങ്ങാനിറങ്ങുന്നവരുടെ മുമ്പില്‍ പല ദിവസങ്ങളിലും കാട്ടാനകള്‍ അക്രമം കാട്ടി. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും താല്‍ക്കാലിക തൊഴിലാളികളും പേടിയോടെയാണ് ഇപ്പോള്‍ ജോലിക്കെത്തുന്നത്.
വനംവകുപ്പിന്റെ പള്‍പ്പ്‌വുഡ് പ്ലാന്‍േറഷനില്‍ മരംമുറി നടക്കുന്നതും വനത്തില്‍ ഫയര്‍ലൈന്‍ തെളിക്കുന്ന ജോലി നടക്കുന്നതും കാരണമാണ് ആനകള്‍ വനത്തിലേക്ക് മടങ്ങാത്തതെന്ന് പറയുന്നു.