വിതുര: ഞായറാഴ്ച രാത്രി ഒമ്പത് മുതല്‍ തിങ്കള്‍ രാവിലെ ഏഴുവരെ നീണ്ട വടംവലി മത്സരത്തില്‍ കൊല്ലായില്‍ സ്റ്റാര്‍ ബ്രദേഴ്‌സ് ട്രോഫിയില്‍ മുത്തമിട്ടു. ജില്ലാ വടംവലി അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ വിതുര മലയടി തച്ചന്‍കോട്ട് നടന്ന വടംവലിയാണ് കാണികള്‍ക്ക് ആവേശമായത്. സമ്മാനത്തുകയായ 10,001 രൂപയും ഒരു പോത്തും വിനോബാജി ട്രോഫിയും സ്റ്റാര്‍ ബ്രദേഴ്‌സിന് ലഭിച്ചു. ഇതേ ടീമിലെ രാജേഷ് മികച്ച വടംവലിക്കാരനായി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നായി 38 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. തെക്കന്‍ കേരളത്തിലെ തനത് രീതിയായ തരംഗശൈലിയില്‍ നടന്ന മത്സരം ശക്തിക്കൊപ്പം തന്ത്രങ്ങളുടെയും നേര്‍ക്കാഴ്ചയായി. ഫൈനലിനേക്കാള്‍ ആവേശമുയര്‍ത്തിയത് ചൂടല്‍ എന്‍.എം.എ.സി.യും സ്റ്റാര്‍ ബ്രദേഴ്‌സും തമ്മില്‍ നടന്ന സെമിഫൈനലായിരുന്നു.
രണ്ടാംസ്ഥാനം നേടിയ വെള്ളറട ചലഞ്ചേഴ്‌സിന് 5001 രൂപയും ട്രോഫിയും ലഭിച്ചു. ജില്ലാ വടംവലി അസോസിയേഷന്‍ പ്രസിഡന്റ് സജീര്‍ കലയപുരമാണ് മത്സരം നിയന്ത്രിച്ചത്.