വിതുര: സമാന്തര സര്‍വീസുകാരന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ അസഭ്യംവര്‍ഷം നടത്തിയതായി പരാതി. മെഡിക്കല്‍ കോളജില്‍ നിന്നു കല്ലാറിലേക്കു പുറപ്പെട്ട ഫാസ്റ്റ്പാസഞ്ചര്‍ ബസിനെയാണു കഴിഞ്ഞ ദിവസം മന്നൂര്‍ക്കോണം മുള്ളുവേങ്ങാമൂടിനു സമീപം വച്ച് ഒാവര്‍ടേക്ക് ചെയ്തു കയറി ഡ്രൈവറെ തെറിവിളിച്ചത്.
ആദ്യം പതിനാറാംകല്ല് ജംക്ഷനില്‍ വച്ചു ഡ്രൈവറെ വിരട്ടിയശേഷമാണു ബസിനെ പിന്തുടര്‍ന്നു തടഞ്ഞുനിര്‍ത്തിയതെന്നാണു പരാതി. ബസിനെ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ യാത്രക്കാരും നാട്ടുകാരും രംഗത്തെത്തി സമാന്തര സര്‍വീസുകാരനെതിരെ തിരിഞ്ഞു. ഇതോടെ സമാന്തര സര്‍വീസുകാരന്‍ വണ്ടിയുമായി സ്ഥലംവിട്ടു. വിതുര-നെടുമങ്ങാട്, വിതുര-പാലോട് റൂട്ടില്‍ സമാനമായ സംഭവം മുന്‍പും ഉണ്ടായിട്ടുണ്ട്.
ഫാസ്റ്റ് ബസ് വേഗത്തില്‍ ഒാടിച്ചു ടെംപോ വാനിനു മുന്‍പേ വന്നതിനാണു സമാന്തര സര്‍വീസിലെ ഡ്രൈവര്‍ ബസ് തടഞ്ഞു തെറിവിളിച്ചതെന്നു ചൂണ്ടിക്കാട്ടി വിതുര ഡിപ്പോയിലെ ഡ്രൈവര്‍ വലിയമല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബസ് ഡ്രൈവറെ അസഭ്യം വിളിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സമാന്തര സര്‍വീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്നു വിതുര ഡിപ്പോയിലെ യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.