പാങ്ങോട്: നിര്‍ദ്ധന കുടുംബത്തിലെ നാലുവയസ്സുകാരനായ ബാലന്‍ ഹൃദയശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. പാങ്ങോട് നെടുംകൈത കാഞ്ചിനട വട്ടപ്പുല്ല് ചരുവിള പുത്തന്‍വീട്ടില്‍ ബിന്ദുവിന്റെ മകന്‍ ഗോകുല്‍ (നാല്) ആണ് സുമനസുകളുടെ സഹായം തേടുന്നത്.
ഗോകുലിന്റെ ഹൃദയത്തിന് ജന്മനാ തകരാറുകളുണ്ട്. നാലുവര്‍ഷമായി ചികിത്സയിലാണ്. തിരുവനന്തപുരം ശ്രീചിത്രയിലും എറണാകുളം അമൃതാ ഇന്‍സ്റ്റിട്യൂട്ടിലും ചികിത്സ തേടിയിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയ എത്രയുംവേഗം നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. രണ്ടുലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ ബിന്ദുവിനെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുകയാണ് ബിന്ദു.
പാങ്ങോട് ഗ്രാമപ്പഞ്ചായത്ത് നല്‍കിയ നാലുസെന്റ് ഭൂമി മാത്രമാണ് ബിന്ദുവിനാകെയുള്ള മുതല്‍. കൂലിവേല ചെയ്താണ് ബിന്ദു കുടുംബം പോറ്റുന്നത്. ഗോകുലിന് ഒരാഴ്ചത്തെ മരുന്നിന് മാത്രം 500 രൂപ വേണം. പലപ്പോഴും ഈ തുകപോലും കണ്ടെത്താന്‍ കഴിയാറില്ല. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഇതുവരെയുള്ള ചികിത്സകള്‍ നടന്നത്. പണമില്ലാതെ മരുന്നുകള്‍ മുടങ്ങിത്തുടങ്ങിയതോടെ കുട്ടിയുടെ ആരോഗ്യനില വളരെ വഷളായിട്ടുണ്ട്. ഗോകുലിന്റെ ചികിത്സാ ചെലവിനുള്ള ധനം സ്വരൂപിക്കുന്നതിന് വാര്‍ഡ് പ്രതിനിധി പ്രഭാകരന്‍ നായര്‍ കണ്‍വീനറായി ഒരു സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇതിലേക്കായി പാങ്ങോട് എസ്.ബി.ടി. യില്‍ 67126896722 എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. വിലാസം: ബിന്ദു, നെടുംകൈത ചരുവിള പുത്തന്‍വീട്, വട്ടപ്പുല്ല്, കാഞ്ചിനട പി.ഒ., പാങ്ങോട്.