പാലോട്: സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപും സഹായ വിതരണവും ആയിരത്തിയഞ്ഞൂറോളം പേര്‍ക്കു സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശമായി. ഇന്നലെ പെരിങ്ങമ്മല ഗവ. യുപിഎസില്‍ നടന്ന മെഡിക്കല്‍ ക്യാംപും സഹായ വിതരണവുമാണു മാതൃകയായത്. മെഡിക്കല്‍ കോളജ്, ഗവ. കണ്ണാശുപത്രി, ആര്‍സിസി, കിംസ് എന്നിവിടങ്ങളില്‍ നിന്നു മുപ്പതില്‍പ്പരം ഡോക്ടര്‍മാര്‍ പങ്കെടുത്ത ക്യാംപില്‍ രോഗനിര്‍ണയവും സൌജന്യ മരുന്നു വിതരണവും നടന്നു.
മെഡിക്കല്‍ ബോര്‍ഡ്, വികലാംഗ ക്ഷേമ ബോര്‍ഡ്, സാമൂഹികക്ഷേമ വകുപ്പ് എന്നിവയുടെ സേവനവും ക്യാംപില്‍ ലഭ്യമായിരുന്നു. സഹായ വിതരണത്തിന്റെ ഭാഗമായി കാന്‍സര്‍ ബാധിതരായ രോഗികളടക്കമുള്ള അഞ്ഞൂറോളം പേര്‍ക്കു വസ്ത്രവിതരണവും നിരാലംബരായ 250 പേര്‍ക്ക് അരി വിതരണവും നടത്തി. സ്ത്രീധന സംബന്ധമായ പരാതികള്‍ക്ക് അപേക്ഷ സ്വീകരിക്കാന്‍ ക്യാംപില്‍ സാമൂഹികക്ഷേമ വകുപ്പിന്റെയും ആശ്വാസ് കിരണ്‍ പദ്ധതിപ്രകാരം എഴുന്നേല്‍ക്കാനാവാതെ കിടക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കു പ്രതിമാസം 400 രൂപ പെന്‍ഷന്‍ ലഭിക്കാനുള്ള സേവന കൌണ്ടറും ക്യാംപില്‍ പ്രവര്‍ത്തിച്ചു.
ക്യാംപിലെത്തിയ മുഴുവന്‍ പേര്‍ക്കും ഭക്ഷണക്കിറ്റും വിതരണം ചെയ്തു. രാവിലത്തെ ലഘുഭക്ഷണം പാലോട് പൊലീസിന്റെ വകയായി നല്‍കിയതും ശ്രദ്ധേയമായി.
ക്യാംപില്‍ സന്നദ്ധ സേവകരായി ത്രിതല പഞ്ചായത്ത് ഭാരവാഹികളും സാമൂഹിക പ്രവര്‍ത്തകരം അണിചേര്‍ന്നു. പരിപാടി തിരുവനന്തപുരം ലയണ്‍സ് ഗിംഗോ ഗവര്‍ണര്‍ എന്‍. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാന്ത്വനം പ്രസിഡന്റ് ഒഴുകുപാറ അസീസിന്റെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ഡി. രഘുനാഥന്‍നായര്‍, ബി. പവിത്രകുമാര്‍, വി.കെ. മധു, കൊച്ചുകരിക്കകം നൌഷാദ്, അഡ്വ. അനില്‍കുമാര്‍ എം.പി. വേണുകുമാര്‍, കൊറ്റാമം വിമല്‍കുമാര്‍, കെ.ജി. സജന്‍ എന്നിവര്‍ പ്രസംഗിച്ചു.