പാങ്ങോട്: എട്ടുവയസുകാരിയായ മകളോടൊപ്പം കാണാതായ വീട്ടമ്മയെ പോലീസ് കണ്ടെത്തി ഹൈക്കോടതിയില്‍ ഹാജരാക്കി. അയല്‍വാസിയായ യുവാവിനോടൊപ്പമാണ് ഇവരെ കണ്ടെത്തിയത്.
പാങ്ങോട് സ്വദേശിയായ യുവതിയെ ഡിസംബര്‍ 13-നാണ് കാണാതായത്. ഇവരോടൊപ്പം എട്ടുവയസുകാരിയായ മകളെയും കാണാതായി. ഭാര്യയെയും കുഞ്ഞിനെയും കാണാനില്ലെന്നുകാട്ടി യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് അയല്‍വാസിയായ യുവാവിനെയും കാണാനില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് അന്വേഷണം വ്യാപകമാക്കിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
ഭാര്യയെയും മകളെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ഇതേത്തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാങ്ങോട് എസ്.ഐ. പി. രാജുവും സംഘവും നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കോഴിക്കോട് ജില്ലയിലുണ്ടെന്നറിയാന്‍ കഴിഞ്ഞു. ഇവരെ നിരീക്ഷിച്ച പോലീസ് സംഘം 29ന് ബാലുശ്ശേരിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 13ന് നാടുവിട്ടശേഷം ഇവര്‍ ഗുജറാത്തുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മാറിമാറി താമസിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. യുവതിയെയും മകളെയും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ മാതാവിനോടൊപ്പം വിട്ടയച്ചു.