WELCOME
Thursday, January 12, 2012
എസ്ഐമാര്‍ വാഴാത്ത വിതുര പൊലീസ് സ്റ്റേഷന്‍
വിതുര: പൊലീസ് സ്റ്റേഷനിലെ എസ്ഐയുടെ കസേര വീണ്ടും ഒഴിഞ്ഞുകിടക്കുന്നു. ഒരു മാസം മുന്‍പ് എത്തിയ എസ്ഐയും കഴിഞ്ഞ ദിവസം സ്ഥലം മാറിയതോടെ എസ്ഐമാര്‍ വാഴാത്ത സ്റ്റേഷനെന്നുള്ള പേരും വിതുരയ്ക്കു ലഭിച്ചു. ആറു മാസത്തിനിടയില്‍ നാല് എസ്ഐമാരാണു വിതുര സ്റ്റേഷന്‍ അതിവേഗം വന്നുപോയത്. കസേര ഉറയ്ക്കും മുന്‍പ് ഒന്നുകില്‍ സ്ഥലംമാറ്റും. അല്ലെങ്കില്‍ എസ്ഐ തന്നെ സ്ഥലംമാറ്റം വാങ്ങി കളം വിടും. മണല്‍, മദ്യലോബികള്‍ അടക്കിവാഴുന്ന ഇവിടെ അടിക്കടി എസ്ഐമാര്‍ മാറുന്നതു പ്രശ്നമായിട്ടുണ്ട്.
ആറു മാസത്തിനിടയില്‍ നൂറില്‍പരം മോഷണങ്ങള്‍ നടന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കേസന്വേഷണം പുരോഗമിക്കുമ്പോള്‍ തന്നെ നിലവിലുള്ള എസ്ഐയുടെ തൊപ്പി തെറിക്കുന്നതുമൂലം പ്രതികളെ പിടികൂടാന്‍ കഴിയാറില്ല. ഇതു മോഷ്ടാക്കള്‍ക്കും ക്രിമിനലുകള്‍ക്കും മറ്റും അനുഗ്രഹമായി മാറിയിട്ടുണ്ട്. എസ്ഐയുടെ കസേര ഒഴിഞ്ഞുകിടക്കുമ്പോഴാണു കൂടുതല്‍ മോഷണങ്ങളും മറ്റു പ്രശ്നങ്ങളും അരങ്ങേറുന്നത്. ഇൌ അവസരത്തില്‍ മദ്യവും നിറഞ്ഞൊഴുകും.
നിരന്തരം ആഭ്യന്തരപ്രശ്നങ്ങള്‍ അരങ്ങേറുന്ന ഇവിടെ എസ്ഐ ഇല്ലാത്തതു മിക്കപ്പോഴും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ടൂറിസം കേന്ദ്രങ്ങളായ പൊന്‍മുടി, ബോണക്കാട്, പേപ്പാറ, കല്ലാര്‍ എന്നിവിടങ്ങളില്‍ എത്തുന്ന സംഘങ്ങളും മറ്റും ഇവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എസ്ഐയുടെ
അഭാവം കേസെടുക്കുന്നതിനും മറ്റും പ്രതിസന്ധിയായി മാറി. കല്ലാറില്‍ പൊലീസ് ഒൌട്ട് പോസ്റ്റ് സ്ഥാപിക്കുമെന്നു പത്തുവര്‍ഷം മുന്‍പ് റൂറല്‍ എസ്പി പ്രഖ്യാപിച്ചെങ്കിലും ഒൌട്ട് പോസ്റ്റിനെ ഇതുവരെ കാണാനില്ല.
വിതുരയുടെ പ്രാധാന്യം കണക്കിലെടുത്തു കാല്‍ നൂറ്റാണ്ടുമുന്‍പ് ഇവിടെ സര്‍ക്കിള്‍ സ്റ്റേഷന്‍ അനുവദിച്ചെങ്കിലും ഒടുവില്‍ മറ്റൊരിടത്തേക്കു മാറ്റുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ ഐസര്‍, ഇഗ്നോ, ഐഐഎസ്ടി ഉപകേന്ദ്രം എന്നിവ വിതുരയില്‍ സ്ഥാപിക്കുമ്പോള്‍ സര്‍ക്കിള്‍ സ്റ്റേഷന്റെ പ്രാധാന്യം വലുതാണ്. വിതുര, വലിയമല, പൊന്‍മുടി സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി വിതുരയില്‍ സര്‍ക്കിള്‍ സ്റ്റേഷന്‍ അനുവദിക്കണണെന്ന ആവശ്യം ശക്തമായിട്ടുണ്ട്.