പാലോട്: വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ മകന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് അമ്മ പോലീസില്‍ പരാതി നല്‍കി. പാലോട് കള്ളിപ്പാറ ലാല്‍ഭവനില്‍ ലീലയാണ് മകന്‍ പ്രകാശി (27) ന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.
ജനവരി 3ന് വൈകുന്നേരം നന്ദിയോട് പഞ്ചായത്ത് ഓഫീസിനു സമീപത്തെ മരത്തിലാണ് പ്രകാശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാലോട്ട് പാപ്പനംകോട് പ്രകാശ് നടത്തിയിരുന്ന വര്‍ക്ക്‌ഷോപ്പിലുണ്ടായ ചില പ്രശ്‌നങ്ങളെച്ചൊല്ലി പ്രകാശിനെ ഒരു സംഘം മര്‍ദിച്ചിരുന്നു. അന്നുതന്നെ പാലോട് പോലീസ് പ്രകാശിനെ കസ്റ്റഡിയിലെടുത്തു. തിരിച്ച് വീട്ടിലെത്തിയ പ്രകാശ് വിഷാദവാനായിരുന്നു. അടുത്ത ദിവസം രാവിലെ വീട്ടില്‍ നിന്നും പോയ മകനെ പാലോട്ട് വെച്ച് ചിലര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത് - ഡി.ജി.പി., മുഖ്യമന്ത്രി എന്നിവര്‍ക്ക് ലീല നല്‍കിയ പരാതിയില്‍ പറയുന്നു.