പാലോട്: അറിവിന്റെ ആദ്യക്ഷരം പകര്‍ന്നുനല്‍കി അരനൂറ്റാണ്ടു തികയുന്ന കൊല്ലായില്‍ എസ്എന്‍ യുപി സ്കൂളിന്റെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്നു പതാക ഉയരും.
വിദ്യാഭ്യാസത്തിന് അവസരങ്ങള്‍ കുറഞ്ഞകാലത്തു കൊല്ലായില്‍ രാധാ മന്ദിരത്തില്‍ സാമൂഹിക ചിന്തകനായിരുന്ന വേലായുധന്‍ മുതലാളിയാണു സ്കൂള്‍ സ്ഥാപിച്ചത്. 1962 മേയ് 25നു മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കര്‍ നാടിനായി തുറന്നുകൊടുക്കുകയും ജൂണ്‍ മൂന്നിനു 175 കുട്ടികളുമായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത സ്കൂളില്‍ ഇന്നു 16 ഡിവിഷനുകളും 713 വിദ്യാര്‍ഥികളുമുണ്ട്.
പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കുട്ടികളുടെ എണ്ണത്തിലും മികച്ച നിലവാരം പുലര്‍ത്തുന്ന സ്കൂളുകളിലൊന്നായി ഇന്ന് എസ്എന്‍ യുപിഎസ് വളര്‍ന്നു. മികച്ച കൃഷി പ്രവര്‍ത്തനങ്ങളും സ്കൂള്‍ ക്ളബ്ബുകളുടെ പ്രവര്‍ത്തനങ്ങളിലെ മികവും വാര്‍ത്താപ്രാധാന്യം നേടിയ സ്കൂളിന് അനവധി തവണ വിവിധ മേഖലകളിലെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സ്കൂള്‍ സ്ഥാപകന്റെ മകള്‍ രാധാമണിയാണ് ഇന്നത്തെ മാനേജര്‍. വി. ജലജ പ്രഥമാധ്യാപികയും. 22 അധ്യാപകരുമുണ്ട്.
ഗ്രാമത്തിന് ഉല്‍സവഛായ പകരുന്ന ആഘോഷങ്ങള്‍ക്കാണ് ഇന്നു പതാക ഉയരുന്നത്. രാവിലെ 10ന് എഇഒ: എസ്. ഷാജുവിന്റെ അധ്യക്ഷതയില്‍ ഡിഇഒ: എസ്. ആരിഫ പതാക ഉയര്‍ത്തും. 11നു രണ്ടു മണിക്കു മടത്തറയില്‍ നിന്നു വിളംബര ഘോഷയാത്ര നടക്കും. 4.30നു കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍
നടക്കുന്ന സമ്മേളനം മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും.
സ്കൂള്‍ സ്ഥാപകന്റെ പ്രതിമാ നിര്‍മാണോദ്ഘാടനം പാലോട് രവി എംഎല്‍എ നിര്‍വഹിക്കും. രാത്രി ഏഴിനു നിഴല്‍ക്കൂത്ത് നാടകം . 12നു നാലിനു സാംസ്കാരിക സമ്മേളനം. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുലേഖയുടെ അധ്യക്ഷതയില്‍ എന്‍. പീതാംബരക്കുറുപ്പ് എംപി ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവികളും സീരിയല്‍, സിനിമാ താരങ്ങളും സംബന്ധിക്കും. ഫോട്ടോ പ്രദര്‍ശനങ്ങള്‍, സിനിമാ പ്രദര്‍ശനം എന്നിവയും നടക്കും.
രാത്രി ഏഴിനു കന്നാസും കടലാസും നാടകം, 13നു രാവിലെ 10നു പാമ്പുപിടിത്തക്കാരന്‍ വാവ സുരേഷിന്റെ നാഗവിശേഷങ്ങള്‍ എന്ന പരിപാടി നടക്കും. നാലിനു മുല്ലക്കര രത്നാകരന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം എ. സമ്പത്ത് എംപി ഉദ്ഘാടനം ചെയ്യും. സുവര്‍ണ ജൂബിലി സ്മാരക മള്‍ട്ടി മീഡിയാ ക്ളാസ് റൂമിന്റെ ശിലാസ്ഥാപനവും നടക്കും. രാത്രി ഏഴിനു കലാസന്ധ്യ.
ഡിസംബറില്‍ സമാപിക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി മെഡിക്കല്‍ ക്യാംപുകള്‍, നാടകോല്‍സവം, വനഉല്‍സവം, ഫിലിം ഫെസ്റ്റിവല്‍, വിവിധ സമ്മേളനങ്ങള്‍ എന്നിവയടക്കം അനവധി പരിപാടികള്‍ ഓരോ മാസവും നടക്കുമെന്നു ഹെഡ്മിസ്ട്രസ് വി. ജലജ, സ്വാഗത സംഘം ചെയര്‍മാന്‍ ബി. പവിത്രകുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജെ. സുരേഷ്കുമാര്‍ എന്നിവര്‍ അറിയിച്ചു.