വിതുര: അനാഥരായി മാറിയ മൂന്ന് കുഞ്ഞിക്കിളികള്‍ തിങ്കളാഴ്ച പുതിയ കൂട്ടിലേക്ക് ചേക്കേറുകയാണ്. അമ്മ മോളി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അച്ഛന്‍ സിജി ജയിലിലായതോടെ ഒറ്റപ്പെട്ട വിതുര ആനപ്പാറ വെടിവച്ചപാറ തോട്ടരികത്തുവീട്ടില്‍ സാന്ദ്ര (7), സാനിയ (4), സര്‍ഗ (3) എന്നിവരാണ് ചിറകുതേടി യാത്രയാവുന്നത്. കുട്ടികളെ ഏറ്റെടുക്കുന്നതിന്റെ നിയമക്കുരുക്കുകളില്‍പ്പെട്ട് വലഞ്ഞ ചാരിറ്റബിള്‍ സംഘങ്ങള്‍ക്ക് വഴികാട്ടിയായത് തുമ്പ എ.എസ്.ഐയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബാലചന്ദ്ര മേനോനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വെള്ളനാട് 'നമസ്‌തേ' ചാരിറ്റബിള്‍ സംഘത്തിലേക്കാണ് കുട്ടികള്‍ പോകുന്നത്.
ഡിസംബര്‍ അഞ്ചിന് 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാര്‍ത്തയെത്തുടര്‍ന്നാണ് കുഞ്ഞിക്കിളികളുടെ ദൈന്യം പുറംലോകമറിഞ്ഞത്. നവംബര്‍ 25നായിരുന്നു മോളി പൊള്ളലേറ്റ് മരിച്ചത്. അമ്മൂമ്മ ലളിതയ്ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടതാണ് കുട്ടികളുടെ സംരക്ഷണം ചോദ്യച്ചിഹ്നമാവാന്‍ കാരണമായത്. വാര്‍ത്ത വന്നതോടെ കുട്ടികളെ ഏറ്റെടുക്കാന്‍ സംഘടനകള്‍ മുന്നോട്ടുവന്നെങ്കിലും പ്രായോഗിക പ്രശ്‌നങ്ങള്‍ തലപൊക്കുകയായിരുന്നു.
അഞ്ച് വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികളെ ഏറ്റെടുക്കുന്നതിന്റെ നിയമപ്രശ്‌നമായിരുന്നു ഇതില്‍ പ്രധാനം. സഹോദരിമാരെ ഒരുമിച്ച് ഒരു കേന്ദ്രത്തില്‍ പാര്‍പ്പിക്കാന്‍ ചാരിറ്റബിള്‍ സംഘങ്ങള്‍ക്ക് നിയമതടസ്സമുണ്ടായി. കുട്ടികളെ ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ക്കും താല്പര്യമില്ലായിരുന്നു. കുട്ടികളുടെ സംരക്ഷണം വീണ്ടും വഴിമുട്ടിയപ്പോഴാണ് സാമൂഹിക പ്രവര്‍ത്തകന്‍ വിതുര മലയടി ബാലുഭവനില്‍ ബാലചന്ദ്ര മേനോന്‍ രക്ഷയ്‌ക്കെത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായരുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ബാലചന്ദ്ര മേനോന്‍ പൂജപ്പുര ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഗോപിനാഥന്‍ നായരില്‍ നിന്ന് പ്രത്യേകാനുമതി വാങ്ങുകയായിരുന്നു. നാന്നൂറോളം കുട്ടികള്‍ക്ക് അഭയം നല്‍കുന്ന വെള്ളനാട് 'നമസ്‌തേ'യിലേക്കാണ് അനിയത്തിമാരെയും കൊണ്ട് സാന്ദ്ര തിങ്കളാഴ്ച യാത്രയാവുന്നത്. പഠിച്ച് വലുതായി സഹോദരിമാര്‍ക്ക് തുണയാകുമെന്ന ഉറച്ച തീരുമാനത്തിലാണ് സാന്ദ്ര.