വിതുര. അഗസ്ത്യാര്‍കൂടക്ഷേത്രകാണിക്കാര്‍ ട്രസ്റ്റിന്‍െറയും, ആദിവാസിമഹാസഭയുടെയും നേതൃത്വത്തില്‍ 19,20 തീയതികളില്‍ അഗസ്ത്യാര്‍കൂടത്തില്‍ ശിവരാത്രിപൂജ നടക്കും. 19നു വൈകിട്ട് ആറിന് മുക്കോത്തി വയല്‍ ഭഗവാന്‍കാണി മുഖ്യകാര്‍മികത്വത്തില്‍ അതിരുമല കറുപ്പുസ്വാമിക്ഷേത്രത്തില്‍ പൂജകള്‍, രാത്രി പൊത്തോട് മാത്തന്‍കാണിയുടെ നേതൃത്വത്തില്‍ ചാറ്റുപാട്ട്.
ശിവരാത്രിദിനമായ 20നു രാവിലെ ഏഴിന് പൊങ്കാലയും,തുടര്‍ന്ന് പായസ നിവേദ്യവും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. തുടര്‍ന്ന് അഗസ്ത്യവിഗ്രഹത്തില്‍ ഗോത്രാചാരപ്രകാരമുള്ളപൂജയും അഭിഷേകവും നിവേദ്യവും. വൈകിട്ട് അഗസ്ത്യമലനിരയില്‍ വിവിധ മൂര്‍ത്തികള്‍ കുടികൊള്ളുന്ന ആല്‍ത്തറകളില്‍ ദീപംതെളിച്ച് പൂജകള്‍ നടത്തും.രാത്രി മലദേവതകള്‍ക്കു പടുക്കനിവേദ്യം. മൂട്ടുകാണിമാര്‍ നേതൃത്വം നല്‍കും. രാത്രി എട്ടിന് ഭക്തിഗാനസുധ.
അഗസ്ത്യാര്‍കൂടത്തില്‍ ഗോത്രാചാര പൂജയ്ക്ക് 200 പേര്‍
വിതുര: അഗസ്ത്യാര്‍കൂടത്തില്‍ 19, 20 തീയതികളില്‍ നടക്കുന്ന ഗോത്രാചാര ശിവരാത്രി പൂജയ്ക്ക് കഠിനവ്രതമെടുത്ത 200 പേര്‍ പങ്കെടുക്കുമെന്ന് സംഘാടകരായ പൊടിയം രാജേന്ദ്രന്‍ കാണി, സുരേഷ് മിത്ര, ആദിവാസി മഹാസഭ പ്രസിഡന്റ് മോഹനന്‍ ത്രിവേണി, സെക്രട്ടറി എം. നാരായണന്‍ എന്നിവര്‍ അറിയിച്ചു. ഗോത്രവിഭാഗക്കാരായ കാണിക്കാര്‍ ആചാര്യനായി ആരാധിക്കുന്ന അഗസ്ത്യഭഗവാന് പൂജനടത്താന്‍ മലയടിവാരത്തെ 20 മൂട്ടുകാണിമാരും പ്ലാത്തിമാരും നേതൃത്വം നല്‍കും. 19 ന് രാവിലെ ഒമ്പതിന് കോട്ടൂര്‍ വാലിപ്പാറ സെറ്റില്‍മെന്റില്‍ നിന്ന് പൂജാസംഘം മലയാത്ര തുടങ്ങും. വൈകീട്ട് അതിരുമല കളത്തില്‍ പൂജയും ചാറ്റുപാട്ടും. 20 ന് രാവിലെ കടുംപായസവും പൊങ്കാലനിവേദ്യവും തുടര്‍ന്ന് അഗസ്ത്യാര്‍കൂടത്തില്‍ ശിവരാത്രി പൂജ.