കല്ലറ : പാങ്ങോട് പഞ്ചായത്തിലെ ചന്തകുന്ന് 4 സെന്റ് കോളനിയില്‍ ഒരു കിണറുണ്ട്. കോളനിക്കാര്ക്കുവേണ്ടി 12 വര്‍ഷം മുമ്പ് നിര്‍മ്മിച്ചതാണിത്. ഈ കിണറ്റില്‍നിന്ന് വെള്ളമെടുക്കാന്‍ ഇവിടത്തുകാര്‍ക്ക് ഇനിയും ഭാഗ്യമുണ്ടായില്ലെങ്കിലും കണ്ണൊന്ന് തെറ്റിയാല്‍ മരണം ഉറപ്പാണ്.
അപകടകരമായ നിലയിലാണ് ഈ കിണറിന്റെ ഇന്നത്തെ അവസ്ഥ. കോളനിയിലേക്കുള്ള പ്രധാന വഴിക്കരുകിലാണ് ഈ പൊട്ടക്കിണറിന്റെ സ്ഥാനം. ആകെ 26 സെന്റുള്ള കോളനിയില്‍ രണ്ട് സെന്റ് പൊതുകിണര്‍, പൊതുശൌചാലയം എന്നിവയ്ക്കായി മാറ്റി. ബാക്കിയുള്ള 24 സെന്റിലാണ് നിരവധി കുടുംബങ്ങള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്നത്. ഇവര്‍ക്ക് കിണര്‍, ശൌചാലയം എന്നിവയുടെ ജോലികള്‍ 12 വര്‍ഷത്തിനുമുമ്പ് തുടങ്ങിയിരുന്നു. എന്നാല്‍ കിണറിന്റെ നിര്‍മ്മാണം കഴിയുംമുമ്പ് കരാറുകാരന് മരിച്ചു. ഇതോടെ പണി മുടങ്ങി.
10 തൊടിയിലധികം താഴ്ചയുള്ള കിണറ്റിന് ആവശ്യത്തിന് വെള്ളവുമുണ്ട്. മാലിന്യമായതിനാല്‍ ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്. കിണറിന് ഭിത്തികെട്ടി, പൊതു ശൌചാലയവും നിര്‍മ്മിച്ച് നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.