വിതുര: പാലമില്ലാത്തതുകാരണം ആറ്റിലിറങ്ങി നടക്കേണ്ടിവന്ന ഏക മകനെ മലവെള്ളപ്പാച്ചിലില്‍ നഷ്ടമായ വിജയന്‍ കാണി ഒടുവില്‍ പാലത്തിന്റെ കല്ലിടലിനും സാക്ഷിയായി. ഏറെ വൈകി തലത്തൂതക്കാവില്‍ പാലമെത്തുമ്പോള്‍ പട്ടികവര്‍ഗ വകുപ്പു മന്ത്രി പി.കെ.ജയലക്ഷ്മിക്ക് വിജയന്‍ കാണി സമ്മാനിച്ചത് ഒരു കുപ്പി കാട്ടുതേന്‍.
രണ്ടുവര്‍ഷം മുമ്പുള്ള കര്‍ക്കടകം ഒന്നിനാണ് വിതുര മുരിക്കിന്‍കാലയിലെ വിജയന്‍ കാണിയുടെ മകന്‍ ഷാജിരാജന്‍ (31) വാമനപുരം ആറിന്റെ തലതൂത്തക്കാവ് കടവിനു സമീപം ഒഴുക്കില്‍പ്പെട്ടു മരിച്ചത്. ഊരിലെ കളത്തില്‍ വിളക്കുവെയ്ക്കാന്‍ പൂജാസാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു ഷാജി. തലതൂത്തക്കാവിലെ തൂക്കുപാലം അപകടസ്ഥിതിയിലായതിനാല്‍ ആറ്റിലെ ആഴംകുറഞ്ഞ ഭാഗത്തിറങ്ങി നടന്നെങ്കിലും മലയ്ക്ക് പെയ്ത മഴവെള്ളം ഷാജിയുടെ ജീവന്‍ കവരുകയായിരുന്നു.
വിജയന്‍ കാണിയുടെ ചിറ്റപ്പന്‍ ചാത്തന്‍കോട്ടെ ഭഗവാന്‍ കാണി, മരുമകന്‍ മണിയന്‍ എന്നിവരും പാലമില്ലാത്തതിനാല്‍ ആറ്റിലിറങ്ങി മുങ്ങിമരിച്ചവരാണ്. വിതുര ഗ്രാമപ്പഞ്ചായത്തിലെ മണലി വാര്‍ഡില്‍ ഇത്തരത്തില്‍ ഉറ്റവരെ പുഴയെടുത്ത ഒരുപാടുപേരുണ്ട്. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ പേരൂര്‍ക്കട ഫാക്ടറിയില്‍ ജീവനക്കാരനായ വിജയന്‍ കാണി മകനെ നഷ്ടപ്പെടുന്നതിനു മുമ്പേ തലതൂത്തക്കാവ് പാലത്തിനായി ഏറെ നിവേദനങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നിവേദനം അയച്ചതിന്റെ കൈപ്പറ്റ് രസീതും ഇദ്ദേഹത്തിന്റെ പക്കലുണ്ട്.
വ്യാഴാഴ്ച വൈകീട്ട് കല്ലന്‍കുടി കവലയില്‍ പാലത്തിന്റെ കല്ലിടലിനെത്തിയ സ്പീക്കറെയും മന്ത്രിയെയുമൊക്കെ സ്വീകരിക്കാന്‍ മുന്‍നിരയില്‍ത്തന്നെയുണ്ടായിരുന്നു വിജയന്‍ കാണി. മന്ത്രി പ്രസംഗിക്കുമ്പോള്‍ വേദിക്കരികിലെ തൂണില്‍ താടിക്കു കൈകൊടുത്ത് സങ്കടത്തോടെ നിന്ന വിജയന്‍ കാണി ഒടുവില്‍ തേന്‍കുപ്പിയുമായി ഓടിയെത്തി. വിജയന്‍ കാണിക്ക് പ്രസംഗിക്കാനുള്ള അവസരവും സംഘാടകര്‍ നല്‍കി. മുമ്പ് കല്ലിട്ടിട്ട് പാലം വരാത്തത് ഇനി ആവര്‍ത്തിക്കരുതെന്ന് പ്രസംഗത്തിനിടെ സ്പീക്കര്‍ ജി.കാര്‍ത്തികേയനോട് വിജയന്‍ കാണി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.